മത്തിക്ക് പൊന്നുംവില; തീരത്ത് ആഹ്ലാദത്തിര

താനൂർ ഹാർബറിൽ മത്തിയുമായി അണഞ്ഞ വള്ളം
പരപ്പനങ്ങാടി: മാസങ്ങളുടെ വറുതിക്കും കടൽമാക്രി ഭീഷണിക്കും ശേഷം ലഭിച്ച മത്തിക്ക് പൊന്നുംവില. വലിയ ഇനം മത്തിക്ക് ഒരു പ്ലാസ്റ്റിക് കൊട്ടക്ക് 4000 മുതൽ 7000 രൂപ വരെ വില കിട്ടിയതായി കച്ചവടക്കാർ പറയുന്നു.
ഇത് സീസണിലെ റെക്കോഡ് വിലയാണ്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി മത്തി കൂടുതൽ വരുന്നതുകൊണ്ട് വിലകുറയുന്ന പ്രശ്നമില്ല. കർണാടകയിലെ കമ്പനികൾ വ്യവസായിക ആവശ്യങ്ങൾക്കായി എത്ര കിട്ടിയാലും മത്തി വാങ്ങാൻ ഒരുക്കമാണ്. അതിനാൽ നിശ്ചിത വിലയിൽനിന്ന് താഴോട്ട് പോകാനിടയില്ല. വലിയ മത്തിക്ക് ആഭ്യന്തര വിപണിയിലും നല്ല വിലയാണ്. താനൂർ ഹാർബർ കേന്ദ്രീകരിച്ചാണ് മത്തിവരവ് സജീവമായത്.
