പടനായകനായി ക്രിസ്റ്റ്യാനോ; ആദ്യ മത്സരത്തിനൊരുങ്ങി പോർച്ചുഗൽ

ഹൂസ്റ്റൺ: കരിയറിലെ ആറാം ലോകകപ്പ് പോരാട്ടത്തിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ബൂട്ടണിയും. 2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഹൂസ്റ്റണിലെ എൻ.ആർ.ജി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. 41-ാം വയസ്സിലും യൂറോപ്യൻ വമ്പന്മാരുടെ ആക്രമണനിരയെ മുന്നിൽ നിന്ന് നയിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് കോച്ച് റോബർട്ടോ മാർട്ടിനസിന്റെ ആദ്യ ചോയ്സ്.

കഴിഞ്ഞ നവംബറിൽ അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ ക്രിസ്റ്റ്യാനോയ്ക്ക് മൂന്ന് മത്സരങ്ങളിൽ വിലക്ക് നേരിടേണ്ടിവരുമായിരുന്നു. എന്നാൽ, കരിയറിലെ 225 അന്താരാഷ്ട്ര മത്സരങ്ങൾക്കിടയിലെ ആദ്യ ചുവപ്പ് കാർഡ് എന്ന പരിഗണന നൽകി ഫിഫ താരത്തിന്റെ വിലക്ക് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു. ഫിഫയുടെ ഈ തീരുമാനം വലിയ ചർച്ചകൾക്ക് വഴിവെച്ചെങ്കിലും, സൂപ്പർ താരം ആദ്യ മത്സരം മുതൽ കളത്തിലിറങ്ങുന്നത് പോർച്ചുഗീസ് ആരാധകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

അന്താരാഷ്ട്ര ഫുട്ബാളിൽ 227 മത്സരങ്ങളിൽ നിന്ന് 143 ഗോളുകളെന്ന റെക്കോർഡ് നേട്ടവുമായി നിൽക്കുന്ന റൊണാൾഡോയുടെ സാന്നിധ്യം കോംഗോ പ്രതിരോധത്തിന് കടുത്ത വെല്ലുവിളിയാകും.

യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ മിന്നും താരങ്ങളുമായാണ് പോർച്ചുഗൽ ഇത്തവണ എത്തിയിരിക്കുന്നത്. 2025-26 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം പിടിച്ചെടുത്ത പി.എസ്.ജി താരങ്ങളായ ജോ നെവെസ്, വിറ്റിഞ്ഞ, നുനോ മെൻഡസ് എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിനായി പ്രീമിയർ ലീഗിൽ 21 അസിസ്റ്റുകളുമായി തകർപ്പൻ ഫോമിലുള്ള ബ്രൂണോ ഫെർണാണ്ടസ് മധ്യനിരയിൽ കളി മെനയും. പ്രതിരോധത്തിൽ റൂബൻ ഡയസും ആക്രമണത്തിൽ ബെർണാഡോ സിൽവയും ഒപ്പമുള്ളപ്പോൾ പോർച്ചുഗലിന് കളി എളുപ്പമാകും. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾ അടിച്ചുകൂട്ടിയ (ശരാശരി 3 ഗോൾ) ആക്രമണ നിരയാണ് പോർച്ചുഗലിന്റേത്.

യോഗ്യതാ റൗണ്ടിൽ വമ്പന്മാരായ നൈജീരിയയെ അട്ടിമറിച്ചും ഇന്റർ കോണ്ടിനന്റൽ പ്ലേ ഓഫ് കടന്നുമാണ് സെബാസ്റ്റ്യൻ ദെസാബ്രെയുടെ ശിക്ഷണത്തിൽ കോംഗോ ലോകകപ്പിന് യോഗ്യത നേടിയത്. കൊളംബിയയും ഉസ്ബെക്കിസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ് ആഫ്രിക്കൻ കരുത്തർ. യോവാൻ വിസ്സ, ആരോൺ വാൻ-ബിസാക്ക, ചാൻസൽ എംബെംബ എന്നിവരടങ്ങുന്ന സംഘം പോർച്ചുഗലിന് അപ്രതീക്ഷിത പ്രതിരോധം തീർക്കാൻ കെൽപ്പുള്ളവരാണ്. ഇരുരാജ്യങ്ങളും അന്താരാഷ്ട്ര ഫുട്ബോളിൽ ആദ്യമായാണ് നേർക്കുനേർ വരുന്നത്.