മുസ്ലിം ന്യുനപക്ഷങ്ങൾക്കുനേരെ നടത്തുന്ന നുണപ്രചാരണം അവസാനിപ്പിക്കണം -കെ.എൻ.എം
കോഴിക്കോട്: കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകർക്കൽ ലക്ഷ്യമാക്കി മുസ്ലിം ന്യുനപക്ഷങ്ങൾക്കുനേരെ നടത്തുന്ന നുണപ്രചാരണത്തെ ശക്തമായി ചെറുക്കണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു. ‘സൗഹൃദ കേരളം നവോത്ഥാന പ്രസ്ഥാനങ്ങളുടെ കയ്യൊപ്പ്’ എന്ന തലക്കെട്ടിൽ കെ.എൻ.എം സംസ്ഥാന സമിതി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൗഹൃദവും സഹവർത്തിത്വവും രാഷ്ട്രീയലാഭങ്ങൾക്കുവേണ്ടി ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. മുജാഹിദ് പ്രസ്ഥാനത്തെ കരുതിയിരിക്കണമെന്ന സമസ്ത സമ്മേളനത്തിന്റെ പ്രമേയം പരിഹാസ്യമാണെന്നും മദനി കൂട്ടിച്ചേർത്തു. സംസ്ഥാന ജന. സെക്രട്ടറി പി.പി. ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. നൂർ മുഹമ്മദ് നൂർഷ, ഡോ. ഹുസൈൻ മടവൂർ, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, പി.വി. ആരിഫ്, പി.പി. മുഹമ്മദ് മദനി, പി.കെ. ഇബ്രാഹിം ഹാജി ഏലാംകോട്, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി എന്നിവർ സംസാരിച്ചു.
