എല്‍.ഡി.എഫ് വികസന മുന്നേറ്റ യാത്രയില്‍ പി.കെ ശശി പങ്കെടുക്കില്ല
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന എല്‍.ഡി.എഫ് വികസന മുന്നേറ്റ യാത്രയില്‍ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പി.കെ ശശി പങ്കെടുക്കില്ല. ഇന്ന് വൈകീട്ട് നാല് മണിക്കാണ് മണ്ണാര്‍ക്കാട് പരിപാടി നടക്കുക. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതിനാലാണ് പങ്കെടുക്കാത്തതെന്നാണ് പി.കെ ശശിയുടെ വിശദീകരണം.
അതേസമയം, പി.കെ ശശിക്ക് പാർട്ടിയുമായി പ്രശ്നങ്ങളുണ്ടെന്നും അതു കൊണ്ടാണ് ബ്രാഞ്ച് മെംബറായി മാത്രം ഇരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ശശിയെന്നല്ല ആര് പോയാലും സി.പി.എമ്മിന് പ്രശ്നമില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പി.കെ ശശി കോണ്‍ഗ്രസിലെത്തുമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് എൽ.ഡി.എഫ് ജാഥയിൽ നിന്നും വിട്ടുനിൽക്കുന്നത്. താൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലും പങ്കെടുക്കില്ലെന്ന് പി കെ ശശി പറഞ്ഞു.
പി.കെ ശശി കോണ്‍ഗ്രസിലെത്തിയാല്‍ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം സീറ്റുകളില്‍ ഏതെങ്കിലും ഒന്നിൽ മത്സരിക്കുമെന്നാണ് സൂചന. എന്നാൽ ഇതെല്ലാം പി.കെ ശശി തള്ളിയിരുന്നു. പി.കെ ശശിക്ക് വേണ്ടി വോട്ട് ചോദിക്കാൻ വയ്യെന്ന് യു.ഡി.എഫ് പ്രവർത്തകരിൽ ഒരു വിഭാഗവും വ്യക്തമാക്കിയിരുന്നു.
അച്ചടക്ക നടപടി നേരിട്ട പി.കെ ശശി നേതൃത്വവുമായി ഏറെ നാളായി അകൽച്ചയിലാണ്. എന്നാൽ തന്നോട് നേതൃത്വത്തിന് ഒരു വിരോധവുമില്ലെന്ന് ശശി പറയുന്നു. താന്‍ ഇപ്പോഴും സി.പി.എമ്മിന്റെ അംഗമാണെന്നും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും പി.കെ ശശി പറയുന്നു.
