‘ഇതിലും ഭേദം മത്സരം ബഹിഷ്കരിക്കുന്നതായിരുന്നു’; പാക് ടീമിനെ പരിഹസിച്ച് ഡാനിഷ് കനേരിയ

ലാഹോർ: കൊളംബോയിൽ നടന്ന ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ട പാകിസ്താൻ ടീമിനെ പരിഹസിച്ച് പാകിസ്താൻ മുൻ താരം ഡാനിഷ് കനേരിയ രംഗത്ത്. മത്സരത്തിന് മുന്നോടിയായി പഞ്ചാബിലെ ദേര ഗാസി ഖാനിലെ എല്ലാ താലൂക്കുകളിലും മത്സരം തത്സമയം വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുമെന്ന് പാകിസ്താനിലെ ഒരു എക്സ് ഉപയോക്താവ് അറിയിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് കനേരിയ രംഗത്തെത്തിയത്. പാക് ടീമിന്റെ പരാജയത്തിന്റെ ‘യാഥാർഥ്യം’ ആരാധകർക്ക് ഹൈ ഡെഫനിഷനിൽ കാണാൻ ഈ സ്ക്രീനിങ് സഹായിച്ചു എന്നായിരുന്നു കനേരിയയുടെ പരിഹാസം.
നേരത്തെ ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്താൻ സർക്കാർ സൂചിപ്പിച്ചിരുന്നു. ആ ഭീഷണി നടപ്പിലാക്കിയിരുന്നെങ്കിൽ പ്രേമദാസ സ്റ്റേഡിയത്തിൽ നേരിട്ട വലിയ നാണക്കേട് ഒഴിവാക്കാമായിരുന്നു എന്ന് കനേരിയ കൂട്ടിച്ചേർത്തു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷന്റെ തകർപ്പൻ അർധ സെഞ്ച്വറിയുടെ (40 പന്തിൽ 77 റൺസ്) കരുത്തിൽ 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 114 റൺസിന് പുറത്തായി. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യൻ വിജയം അനായാസമാക്കി.
തോൽവിയോടെ പാകിസ്താൻ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇനി നമീബിയക്കെതിരെയുള്ള മത്സരം അവർക്ക് നിർണായകമാണ്. ആ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ പാകിസ്താന് എട്ടിലേക്ക് കടക്കാൻ സാധിക്കൂ. നിലവിൽ നാല് പോയിന്റുള്ള യു.എസ്.എയും പാകിസ്താന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടി20 പോരാട്ട ചരിത്രത്തിൽ ഇന്ത്യയുടെ എട്ടാം വിജയമാണിത്. കൊളംബോയിലെ സ്പിൻ പിച്ചുകളിൽ ഇന്ത്യൻ ബൗളർമാരെ നേരിടുന്നതിൽ പാക് ബാറ്റിങ് നിര പരാജയപ്പെടുന്ന കാഴ്ചയാണ് വീണ്ടും ആവർത്തിച്ചത്.
