സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, അമീറ ഐഷ ബീഗം ആരെന്ന് അന്വേഷിക്കണം; കായികമന്ത്രി ഒ.ജെ ജനീഷ്

തിരുവനന്തപുരം : ലയണൽ മെസ്സിയുടെ കേരള സന്ദർശന വിവാദത്തിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ വാദങ്ങൾ തള്ളി നിലവിലെ കായികമന്ത്രി ഒ.ജെ ജനീഷ് രംഗത്ത്. സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും, സര്‍ക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന മുൻ മന്ത്രിയുടെ വാദത്തിൽ യാതൊരു കഴമ്പുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

കരാറിലേർപ്പെട്ട കമ്പനിയെ തിരഞ്ഞെടുത്തതിൽ യാതൊരുവിധ സുതാര്യതയും ഉണ്ടായിരുന്നില്ല. രൂപീകരിച്ച് 20 ദിവസം മാത്രം കഴിഞ്ഞ കമ്പനിയുടെ പശ്ചാത്തലം പരിശോധിക്കാതെയാണ് കരാറുകളിലേക്ക് കടന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിഞ്ഞിരുന്നോയെന്നും, ‘മെസ്സി വരും കേട്ടോ’ എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞിരുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

മുൻ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വിദേശയാത്രയ്ക്കായി 14 ലക്ഷത്തോളം രൂപയുടെ സർക്കാർ പണം ചെലവഴിച്ചിട്ടുണ്ടെന്നും ഇത് ഗുരുതരമായ ദുരുപയോഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വി. അബ്ദുറഹ്മാന്റെ സ്പെയിൻ യാത്രയെക്കുറിച്ച് പരാമർശിക്കവെയായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം. കൂടാതെ, വിവാദങ്ങളിൽ പരാമർശിക്കപ്പെടുന്ന ‘അമീറ ഐഷ ബീഗം’ ആരെന്ന കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്നും മന്ത്രി ഒ.ജെ ജനീഷ് ആവശ്യപ്പെട്ടു.