റിപ്പോർട്ട് അന്തിമമല്ല; ആഗോള അയ്യപ്പസംഗമത്തിന്‍റെ കണക്കിൽ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്‍റെ കണക്കിൽ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്. ഓഡിറ്ററുടെ ഭാഗത്ത് പ്രശ്നമില്ല. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചു. റിപ്പോർട്ട് അന്തിമമല്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഇന്നാണ് വിശദമായി പരിശോധിച്ചത്. റിപ്പോർട്ട് അന്തിമമല്ല. ചില സംശയങ്ങൾ ചോദിക്കുകയും മറുപടി നൽകുകയും ചെയ്താൽ മാത്രമേ റിപ്പോർട്ട് അന്തിമമാകൂ. ഇത് ഓഡിറ്ററുടെ കുഴപ്പമല്ല. സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തത് കൊണ്ടാണ് വീഴ്ചയുണ്ടായത്. ഇതിനായി ടാക്സ് ഫോഴ്‌സ് രൂപീകരിച്ചു. ഓഡിറ്റ് റിപ്പോർട്ടിൽ 27ന് മുമ്പ് വ്യക്തത വരുത്തും. വ്യക്തയുണ്ടാക്കിയ ശേഷം റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകുമെന്നും ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഭക്ഷണത്തിന്‍റെ കാര്യത്തിലായാലും നന്ദഗോവിന്ദൻ ഭജൻസിൻ്റെ കാര്യത്തിലായാലും വീഴ്ച വന്നു. എല്ലാ ക്ലെയിമുകളും അംഗീകരിക്കാൻ കഴിയില്ല. 4.99 കോടിയായി ചെലവ് നിജപ്പെടുത്തും. അദാനിയുടെ 3.85 കോടി സ്പോൺസർഷിപ്പ് കിട്ടും. കൊടുക്കാൻ I കോടി 15 ലക്ഷം ഉണ്ട്. ബോർഡ് പണം എടുക്കില്ല. പല സ്പോൺസർമാരും നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരെ സമീപിക്കും.
ദേവസ്വം ബോർഡിന്‍റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച പിന്നീട് പരിശോധിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. അയ്യപ്പ സംഗമ നടത്തിപ്പിൽ ഊരാളുങ്കൽ ആവശ്യപ്പെട്ട തുക നൽകില്ലെന്നും ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായി.
ഇന്നത്തെ യോഗത്തിലേക്ക് സ്പോൺസർമാരുടെ പ്രതിനിധികളെയും ഊരാളുങ്കൽ അധികൃതരെയും വിളിപ്പിച്ചിരുന്നു. സംഗമത്തിന് ആകെ ചെലവായ തുക 6.32 കോടിയെന്നാണ് ഹൈകോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. എന്നാൽ പരിപാടി നടത്തിയ ഊരാളുങ്കലിന്‍റെ കീഴിലെ ഇവൻ്റ് മാനേജ്മെന്‍റ് കമ്പനിയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ ജി.എസ്.ടി വകുപ്പിന് നൽകിയ ഇൻവോയിസിൽ സംഗമത്തിന്റെ ചെലവ് ജി.എസ്.ടി അടക്കം 7.11 കോടിയാണ്.
