കേരളത്തിലെ കോൾ പാടങ്ങളിൽ രണ്ട് പുതിയ ജലപ്രാണികളെ കണ്ടെത്തി

കൊടുങ്ങല്ലൂർ: കേരളത്തിലെ കോൾപാടങ്ങളിൽനിന്ന് ഗവേഷകർ ആദ്യമായി രണ്ട് ജലപ്രാണികളുടെ സാന്നിധ്യം രേഖപ്പെടുത്തി. ജലത്തിലും ജലോപരിതലത്തിലും തീരങ്ങളിലും ജീവിക്കുന്ന ഹെമിപ്റ്ററ വിഭാഗത്തിൽപ്പെട്ട പ്രാണികളെയാണ് പൊതുവെ ജലപ്രാണികൾ എന്നു വിളിക്കുന്നത്. വെള്ളത്തിലാശാൻ, എഴുത്താശാൻ പ്രാണി എന്നീ പേരുകളിൽ അറിയപ്പെടുന്ന വാട്ടർ സ്ട്രൈഡറുകളും ചെറിയ വെള്ളത്തിലാശാൻ പ്രാണി, ഓളപ്രാണി എന്നീ പേരുകളിൽ അറിയപ്പെടുന്ന റിഫിൾ ബഗുകളും ഈ വിഭാഗത്തിലെ അർധ ജലജീവികളാണ്. ജല ആവാസവ്യവസ്ഥകളിൽ പ്രധാന പങ്കുവഹിക്കുന്ന ഇവയെക്കുറിച്ച് കേരളത്തിൽ താരതമ്യേന കുറച്ച് പഠനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. അതിനാൽ സംസ്ഥാനത്തെ ജൈവവൈവിധ്യം രേഖപ്പെടുത്തുന്നതിൽ ഈ കണ്ടെത്തലുകൾക്ക് പ്രാധാന്യമുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.

കർണാടകയിലും തമിഴ്‌നാട്ടിലും നേരത്തേ രേഖപ്പെടുത്തിയിരുന്ന ലിംനോഗോണസ് (ലിംനോഗോണോയ്ഡീസ്) പെക്റ്റൊറാലിസ് എന്ന വാട്ടർ സ്ട്രൈഡറിന്റെ സാന്നിധ്യം ഇതോടെ കേരളത്തിലും ആദ്യമായി സ്ഥിരീകരിച്ചു. രണ്ടാമത്തെ ഇനമായ സ്ട്രോങ്ങിലോവെലിയ ലില്ലിയെ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. 2015ൽ തമിഴ്‌നാട്ടിൽനിന്ന് ആദ്യമായി രേഖപ്പെടുത്തപ്പെട്ട ഈ ഇനത്തിന്റെ ഇന്ത്യയിലെ രണ്ടാമത്തെ രേഖപ്പെടുത്തലാണിത്. കൂടാതെ സ്ട്രോങ്ങിലോവേലിയ എന്ന ജനുസ്സിന്റെ കേരളത്തിലെ ആദ്യ റിപ്പോർട്ടും ഇതോടെ സാധ്യമായതായും ഗവേഷകർ വ്യക്തമാക്കി. പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ജേണൽ ഓഫ് ത്രെറ്റൻഡ് ടാക്സയുടെ ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

തൃശൂർ ജില്ലയിലെ പാലക്കൽ, കാട്ടൂർ, തൊമ്മാന എന്നീ കോൾ പാടങ്ങളിൽ നിന്നാണ് രണ്ട് ഇനങ്ങളെയും കണ്ടെത്തിയതത്. വേമ്പനാട്-കോൾ തണ്ണീർത്തട വ്യവസ്ഥയുടെ ഭാഗമായ കോൾ നിലങ്ങൾ സമ്പന്നമായ ജൈവവൈവിധ്യം ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥയാണ്. കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയിലും ഇവയ്ക്ക് പ്രധാന പങ്കുണ്ട്. എന്നാൽ, മനുഷ്യന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും ഈ ആവാസവ്യവസ്ഥക്ക് ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ ജൈവവൈവിധ്യത്തിന്റെ തുടർച്ചയായ പഠനവും സംരക്ഷണവും അനിവാര്യമാണെന്ന് സംഘം അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (ഓട്ടോണമസ്) ജന്തുശാസ്ത്ര വിഭാഗത്തിലെ ഷഡ്പദ എന്റമോളജി റിസർച്ച് ലാബിലെ ഗവേഷകസംഘമാണ് കണ്ടെത്തൽ നടത്തിയത്. ലാബിലെ ഗവേഷക വിദ്യാർഥിനി രേഷ്മ രാമൻ, കൊടുങ്ങല്ലൂർ പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളജ് ജന്തുശാസ്ത്ര വിഭാഗം മേധാവി പ്രഫ. ഡോ. ഇ.എം. ഷാജി, ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര വിഭാഗം അസി. പ്രഫസറും ഷഡ്പദ എന്റമോളജി റിസർച്ച് ലാബ് മേധാവിയുമായ ഡോ. സി. ബിജോയ് എന്നിവർ ഉൾപ്പെടുന്നതാണ് ഗവേഷക സംഘം. സീനിയർ റിസർച്ച് ഫെല്ലോഷിപ്പിലൂടെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം.