ഇഷാനും ശ്രേയസിനും ഫിഫ്റ്റി, സഞ്ജു മങ്ങി; കിവീസിനെതിരെ 192 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ

ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരെയുള്ള അവസാന മത്സരത്തിൽ ആതിഥേയർക്ക് മുന്നിൽ മികച്ച വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 191 റൺസെടുത്തു. ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും അർധ സെഞ്ച്വറി കരുത്തിലാണ് ടീം മികച്ച സ്കോർ ഉയർത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ അഭിഷേക് ശർമയെ നഷ്ടമായി. രണ്ട് പന്തിൽ ഒരു റൺസെടുത്ത അഭിഷേകിനെ ആഡം മിൽനെ പുറത്താക്കുകയായിരുന്നു. തന്റെ അടുത്ത ഓവറിൽ സഞ്ജു സാംസണിനെയും താരം മടക്കി ഇന്ത്യക്ക് അടുത്ത പ്രഹരമേല്പിച്ചു. പത്ത് പന്തിൽ നാല് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

പിന്നാലെ ഇഷാൻ കിഷനും ശ്രേയസും ഒന്നിച്ച് ഇന്ത്യൻ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 93 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മികച്ച നിലയിൽ മുന്നേറവെ ഇഷാൻ കിഷനെ ബ്ലെയർ ടിക്ക്നർ പുറത്താക്കി. 32 പന്തിൽ അഞ്ച് വീതം സിക്‌സറും ഫോറുകളും അടക്കം 61 റൺസെടുത്താണ് താരം തിരികെ നടന്നത്.

അടുത്ത ഓവറിൽ നഥാൻ സ്മിത്ത് ശ്രേയസിനെയും പുറത്താക്കി. 23 പന്തിൽ നാല് സിക്സറുകളും മൂന്ന് ഫോറുകളും ഉൾപ്പടെ 50 റൺസെടുത്താണ് ഇന്ത്യൻ ക്യാപ്റ്റന്റെ മടക്കം. പിന്നാലെത്തിയ തിലക് വർമ്മ (ആറ്) കാര്യമായി ഒന്നും സംഭാവന ചെയ്യാൻ സാധിച്ചില്ലെങ്കിലും നമൻ ധിറും (23 പന്തിൽ 33) നിതീഷ് കുമാർ റെഡ്ഡിയും (17 പന്തിൽ 22) ഭേദപ്പെട്ട പ്രകടനം നടത്തി.

ന്യൂസിലൻഡിനായി ആഡം മിൽനെ നാല് വിക്കറ്റുകൾ വീഴ്ത്തി. ബ്ലെയർ ടിക്ക്നർ, നഥാൻ സ്മിത്ത് എന്നിവർ രണ്ട് വിക്കറ്റുകൾ വീതമെടുത്തു.