ഡോക്ടർമാരുടെ സമരം: മെഡിക്കൽ കോളജുകളിൽ ഇന്നു മുതൽ അടിയന്തര ശസ്ത്രക്രിയ മാത്രം; പി.ജി. വിദ്യാർഥികളും പണിമുടക്കിലേക്ക്
ഗാന്ധിനഗർ: സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ അടിയന്തര ശസ്ത്രക്രിയ ഒഴികെ മുഴുവൻ ശസ്ത്രക്രിയകളും മാറ്റിവെക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അനിശ്ചിതകാല ഒ.പി ബഹിഷ്കരണം ആരംഭിച്ചത്. നിലവിൽ പി.ജി വിദ്യാർഥികളും ഹൗസ് സർജൻമാരുമാണ് ഒ.പിയിൽ രോഗികളെ പരിശോധിക്കുന്നത്. അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിന് മുന്നിലെ റിലേ നിരാഹാര സത്യഗ്രഹം 23 ദിവസം പിന്നിട്ടു.
പി.ജി. വിദ്യാർഥികളും പണിമുടക്കിലേക്ക് കടക്കുമെന്നാണ് വിവരം. മന്ത്രിയുമായുള്ള ഇന്നത്തെ ചർച്ച വിജയിച്ചില്ലെങ്കിൽ നാളെ മുതൽ പണിമുടക്ക് ആരംഭിക്കുമെന്നാണ് പി.ജി. വിദ്യാർഥികൾ അറിയിച്ചിട്ടുള്ളത്.
പ്രതിഷേധത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തും. ഇപ്പോൾ നടക്കുന്ന സമരത്തിൽ നിന്ന് കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി ചികിത്സ, മറ്റ് അടിയന്തര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം എന്നിവ ഒഴിവാക്കി. 26 മുതൽ എല്ലാ പരീക്ഷാ ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഡോക്ടർമാർക്ക് കുടിശ്ശിക നൽകാമെന്ന നിയമോപദേശം ലഭിച്ചിട്ടും സർക്കാർ തികഞ്ഞ നിസ്സംഗതയാണ് കാണിക്കുന്നതെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്‌നാര ബീഗവും ജനറൽ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദും ആരോപിച്ചു.
മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ശമ്പള കുടിശ്ശിക നൽകുന്നതിന് തടസ്സം സുപ്രീംകോടതിയിൽ ഇത് സംബന്ധിച്ച് കേസ് നിലനിൽക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോർജ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. എന്നാൽ, ശമ്പള കുടിശ്ശിക നൽകുന്നതിന് നിലവിൽ നിയമ തടസ്സം ഇല്ലെന്ന് നിയമ വകുപ്പിൽ നിന്ന് ഉപദേശം ലഭിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
