'തന്ത്രിക്ക് എന്ത് പ്രത്യേക അവകാശം'; യു.ഡി.എഫും ബി.ജെ.പിയും തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നു -എം.ബി രാജേഷ്
തിരുവനന്തപുരം: ശബരിമലസ്വർണ്ണ കൊള്ളകേസിൽ മറ്റ് പ്രതികൾക്ക് ഇല്ലാത്ത എന്ത് പ്രത്യേക അവകാശമാണ് തന്ത്രിക്കുള്ളതെന്ന് മന്ത്രി എം.ബി രാജേഷ്. നിയമസഭക്ക് പുറത്ത് തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത് രണ്ട് പേരാണ്. യു.ഡി.എഫും ബി.ജെ.പിയുമാണ് തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. നിയമസഭയിൽ ബി.ജെ.പി ഇല്ലാത്തതിനാൽ യു.ഡി.എഫ് ഒറ്റക്ക് ആ വക്കാലത്ത് ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ശ്രീധരൻപിള്ള വെളിപ്പെടുത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് തന്ത്രി നടയടച്ചതെന്ന് വ്യക്തമായത്. ശബരിമല സുവർണാവസരമാണെന്നാണ് ശ്രീധരൻപിള്ള ഇപ്പോഴും പറയുന്നത്. അതിനെ പിന്തുണക്കുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. ബി.ജെ.പിക്കാർക്ക് നാരങ്ങാവെള്ളം കലക്കികൊടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് ലീഗുകാരെന്നും എം.ബി രാജേഷ് പറഞ്ഞു.
നിയമസഭസമ്മേളനം തുടങ്ങിയ ഉടൻ ശബരിമല വിഷയം യു.ഡി.എഫ് ഉന്നയിക്കുകയായിരുന്നു. കെ.ബാബു എം.എൽ.എയാണ് വിഷയം നിയമസഭയിൽ ഉന്നയിച്ചത്. ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയെ മനപ്പൂർവ്വം കേസിൽ കുടുക്കുകയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും സഭാ നടപടികളോട് തങ്ങൾ സഹകരിക്കില്ലെന്നും കെ.ബാബു പറഞ്ഞു.
തുടർന്ന് ദേവസ്വം മന്ത്രി രാജിവെക്കണമെന്ന പ്ലക്കാർഡുകളുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി. അയ്യപ്പ സംഗമത്തിലും വ്യാപക ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.
