ഒരു കെ ടെറ്റ് കുടുംബകാര്യം

മഞ്ചേരി: സുപ്രീംകോടതി വിധിയെത്തുടർന്ന് കെ ടെറ്റ് യോഗ്യത നേടാനുള്ള ‘പരീക്ഷ’ണത്തെ ഒന്നിച്ച് നേരിട്ട് ഒരു കുടുംബം. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്‌.എസ് അധ്യാപിക റജുലയും മകൾ ഫാത്തിമ ഷിറിനും ഒരേ ഹാളിൽ പരീക്ഷക്കിരുന്നപ്പോൾ റജുലയുടെ ഭർത്താവ് അധ്യാപകനായ ഡോ. കുഞ്ഞിമുഹമ്മദ് പുത്തലത്ത് മക്കരപ്പറമ്പ് സ്കൂളിലും പരീക്ഷയെഴുതി.

റജുലയുടെ സഹോദരിയും മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്‌.എസിലെ തന്നെ അധ്യാപികയുമായ കെ. സജ്‌നയും പരീക്ഷയെഴുതാനുണ്ടായിരുന്നു. മൂവരും മഞ്ചേരി ബോയ്സ് സ്കൂളിൽ അടുത്തടുത്ത ബെഞ്ചുകളിലായി പരീക്ഷയെഴുതി. ഡോക്ടറേറ്റും ഏറെ അധ്യാപക സർവിസുമുള്ള കുഞ്ഞിമുഹമ്മദും വർഷങ്ങളുടെ സർവിസുള്ള സജ്‌നയും റജുലയും എഴുതുന്നത് നിലനിൽപ്പിനാണ്. ബിരുദാനന്തര ബിരുദവും ഫെലോഷിപ്പുമുള്ള മകൾ ജോലി നേടാനും.

തിങ്കളാഴ്ച പട്ടർകുളത്തെ വീട്ടിൽനിന്ന് ഒരുമിച്ചാണ് എല്ലാവരും പരീക്ഷക്ക് പുറപ്പെട്ടത്. ഭാര്യയെയും മകളെയും ബോയ്സ് സ്കൂളിലിറക്കിയശേഷം കുഞ്ഞുമുഹമ്മദ് മക്കരപ്പറമ്പ് സ്കൂളിലേക്ക് പുറപ്പെട്ടു. പരീക്ഷ എളുപ്പമായിരുന്നുവെന്നാണ് ഉമ്മയുടെയും മകളുടെയും പക്ഷം. സർവിസിലുള്ളവരും യോഗ്യത പരീക്ഷ ജയിക്കണമെന്ന് വിധിവന്നിട്ട് നടക്കുന്ന ആദ്യ പരീക്ഷയാണ്. തൃപ്പനച്ചി എ.യു.പി സ്കൂൾ അധ്യാപിക ആമിന മുംതാസ്, മകൻ അശ്മൽ അലി എന്നിവരും കഴിഞ്ഞദിവസം ഒരേ ക്ലാസിലിരുന്ന് പരീക്ഷ എഴുതിയിരുന്നു.