വലിയങ്ങാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരുലക്ഷം നൽകും; കെട്ടിടത്തിൽനിന്ന് ലൈസൻസുള്ളവരെ ഇറക്കിവിട്ടിരുന്നില്ലെന്ന് മേയർ
കോഴിക്കോട്: വലിയങ്ങാടിയിൽ കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്ന് നാലുപേര് മരിച്ചതിൽ വിശദീകരണവുമായി മേയർ. പൊളിച്ചുപണിയാൻ തീരുമാനിച്ച കെട്ടിടമാണ് തകർന്നതെന്നും എന്നാൽ ലൈസൻസുള്ളവരെ ഇറക്കിവിട്ടിരുന്നില്ലെന്നും മേയർ ഒ. സദാശിവൻ പറഞ്ഞു. അപകടമുണ്ടായ കെട്ടിടം അൺഫിറ്റ് പട്ടികയിൽ ഇല്ല. റിപ്പോർട്ട് കിട്ടയ ഉടൻ ആളുകളെ ഇറക്കിവിടാൻ കഴിയില്ല. കോർപറേഷനിൽ 16 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന് 2022ൽ കണ്ടെത്തിയിരുന്നവെന്നും മേയർ പറഞ്ഞു.
കെട്ടിത്തിന്റെ സൺഷൈഡ് തകർന്ന് മരിച്ചവരടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റയാൾക്ക് 50000 രൂപയും ധനസഹായം നൽകുമെന്നും മേയർ പറഞ്ഞു.
തിങ്കളാഴ്ച കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ നാലു പേരാണ് മരിച്ചത്. അത്തോളി സ്വദേശികളായ കൊളക്കാട് കൊടുവമ്പത്ത് താഴെകുനി അഷ്റഫ് (56), കൊങ്ങന്നൂർ കുനിയിൽ കടവ് മല്ലിശ്ശേരി താഴെ നുജൂം വീട്ടിൽ ബഷീർ (65), കിണാശ്ശേരി കുളംകുഴിനിലം ബൈത്തുൽ ഹുദയിൽ ജബ്ബാർ (60), തിരുവങ്ങൂർ സ്വദേശി വിനോദ് (55) എന്നിവരാണ് മരിച്ചത്.
ബീച്ചിന് സമീപം പഴയ പാസ്പോർട്ട് ഓഫിസ് പ്രവർത്തിച്ച 60 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിൽ തിങ്കളാഴ്ച രാവിലെ 11.50ഓടെയാണ് ദുരന്തം. താഴെനിലയിലെ ഗോഡൗണിൽ നിന്ന് സാധനങ്ങൾ മാറ്റാനെത്തിയ തൊഴിലാളികളും ഏജന്റുമാണ് മരിച്ചത്. താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾ, തകർന്നുവീണ സൺഷേഡ് സ്ലാബുകൾക്ക് അടിയിൽപെടുകയായിരുന്നു. നാല് ഇരുചക്രവാഹനങ്ങളും തകർന്നു. ഉടൻ സമീപത്തെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ച അഷ്റഫ്, ജബ്ബാർ എന്നിവർ ഗാമ ട്രേഡേഴ്സ് തൊഴിലാളികളാണ്. ബഷീറിന്റെ ലോറിയിലെ ലോഡിങ്ങ് തൊഴിലാളിയാണ് വിനോദ്. ഏതാനും ആഴ്ച മുമ്പ് കെട്ടിടത്തിൽ പുതിയ സ്ഥാപനത്തിന് കോർപറേഷൻ പ്രവർത്തനാനുമതി നൽകിയിരുന്നു. മുകൾ നിലയിൽ അടുത്തിടെ ജിം അടക്കം സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നും തൊഴിലാളികൾ പറഞ്ഞു.
