'ചോർത്തിയത് ലക്ഷക്കണക്കിന് പാവപ്പെട്ട സ്ത്രീകളുടെ വിവരങ്ങൾ, പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്'; കൂടുതൽ രേഖകൾ പുറത്തുവിട്ട് ചെന്നിത്തല



തിരുവനന്തപുരം: ഡാറ്റാ ചോർച്ചയുടെ പിന്നിൽ പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ജീവനക്കാരുടേയും പെൻഷകാരുടേയും വ്യക്തി വിവരങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചോർത്തിയതിന് പിന്നാലെ സ്ത്രീ സുരക്ഷ പദ്ധതിയിൽ പേര് ചേർത്തവരുടേയും വിവരങ്ങൾ സർക്കാർ ചോർത്തിയെന്ന് രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് ഒരുകോടിയിലേറെ പേരുടെ വിവരങ്ങൾ സമ്മതമില്ലാതെ ശേഖരിക്കുകയും സ്വകാര്യ ഏജൻസിക്ക് കൈമാറുകയും ചെയ്തുവെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് വിവരങ്ങൾ ആവശ്യപ്പെട്ട് അയച്ച രണ്ടു കത്തുകളും ചെന്നിത്തല പുറത്തുവിട്ടു.

സ്ത്രീ സുരക്ഷ പദ്ധതിയില്‍ ഉൾപ്പെട്ട ലക്ഷക്കണക്കിന് സാധാരണ സ്ത്രീകളുടെ വിവരങ്ങളാണ് ചോർത്തിയത്. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 35ന് മുകളിൽ പ്രായമുള്ള സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി നൽകിയ കത്ത് പ്രകാരം ചോർത്തിയത്. ഇതിന് തെളിവായാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യുട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് അയച്ച കത്തും ചെന്നിത്തല പുറത്തുവിട്ടു.

കോടിക്കണക്കിന് രൂപയുടെ വാണിജ്യമൂല്യമുള്ള ഗവൺമെന്റ് വെരിഫൈഡ് വ്യക്തിഗത വിവരങ്ങൾ സ്വകാര്യ കമ്പനികൾക്കു കൈമാറാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഗുരുതരമായ ക്രിമിനൽ കുറ്റം ചെയ്ത മുഖ്യമന്ത്രി രാജി വെച്ച് ഒഴിയണം. ഈ വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.