വിദൂര നിയന്ത്രിത ഡ്രോൺ അധിഷ്ഠിത മയക്കുവെടി സംവിധാനം ഒരുങ്ങി
തൃശൂർ: മദമിളകിയ ആനകളെയും അപകടം വിതക്കുന്ന വന്യമൃഗങ്ങളെയും മയക്കുന്നതിനായി വിദൂര നിയന്ത്രിത ഡ്രോൺ അധിഷ്ഠിത മയക്കുവെടി സംവിധാനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ തൃശൂരിൽ പുറത്തിറക്കി. ദേവമാതാ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിലാണ് മയക്കുവെടി വിദഗ്ധൻ ഡോ. പി.ബി. ഗിരിദാസ് രൂപകൽപന ചെയ്ത പുതിയ സംവിധാനം അവതരിപ്പിച്ചത്.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അധ്യക്ഷനായ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ആണ് ‘ഗജാസ്ത്രം’ പദ്ധതിക്ക് ധനസഹായം നൽകുന്നത്. വനം വകുപ്പിലെ വിദഗ്ധർക്കും സർക്കാർ എലിഫന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥർക്കും ഈ സംവിധാനം ഉപകാരപ്രദമാകുമെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
റിമോട്ടിൽ പ്രവർത്തിക്കുന്ന ഡ്രോണിൽ മയക്കുവെടിക്കുള്ള ക്യാപ്ചർ ഗണ്ണും സിറിഞ്ചും മരുന്നുമടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയാണ് ഉപകരണം പ്രവർത്തിക്കുക. 500 മീറ്റർ അകലത്ത് നിന്ന് പോലും ഉപകരണം പ്രവർത്തിപ്പിക്കാവുന്നതുകൊണ്ട് പ്രവർത്തനത്തിൽ ഏർപ്പെടുന്ന വിദഗ്ധർക്കും സഹായികൾക്കും പൊതുജനങ്ങൾക്കും പൂർണ സുരക്ഷ നൽകുന്നു എന്നതാണ് പദ്ധതിയുടെ മെച്ചം.
മൊബൈൽ ഫോണുമായി ബന്ധിപ്പിച്ച ജി.പി.എസ് സിസ്റ്റവും കാമറയും മുഖാന്തരം കൃത്യത ഉറപ്പാക്കാനും സാധിക്കും. വന്യമൃഗങ്ങളെയും ആനകളെയും നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള വനപ്രദേശങ്ങളിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതയുള്ള സ്ഥലങ്ങളിലും ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാനാകും.
കേന്ദ്ര നാട്ടാന പരിപാലന സംരക്ഷണ സമിതി അംഗവും എലിഫന്റ് ഡാർട്ടിങ് എക്സ്പെർട്ടുമായ ഡോ. പി.ബി. ഗിരിദാസ് 30 വർഷമായി മയക്കുവെടി പ്രവർത്തനങ്ങളിൽ സജീവമാണ്. ഗജാസ്ത്രം പദ്ധതിയുടെ ഭാഗമായി ഡ്രോൺ പൈലറ്റ് ലൈസൻസ് നടപടികളും അദ്ദേഹം പൂർത്തിയാക്കി.
തൃശൂർ മുൻ ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. അജിത് ബാബു, അസി. ഡയറക്ടർ ഡോ. മനോജ് മാത്യു, എസ്.പി.സി.എ ഇൻസ്പെക്ടർ ഇ. അനിൽ, സാങ്കേതിക സഹായം നൽകുന്ന സി.ജി. വിനോദ് കുമാർഎന്നിവർ ഗജാസ്ത്രം സംഘത്തിൽ അംഗങ്ങളാണ്.
