നാടൊഴുകി, പത്മാലയത്തിലേക്ക്…
എം.കെ. രാഘവൻ എം.പി അന്തിമോപചാരം അർപ്പിക്കുന്നു
കോഴിക്കോട്: കറകളഞ്ഞ സോഷ്യലിസ്റ്റും മുൻ കേന്ദ്രമന്ത്രിയും ദീർഘകാലം എം.പിയുമായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്റെ ദേഹവിയോഗമറിഞ്ഞ് പന്നിയങ്കരയിലെ വീട്ടിലെത്തിയത് നൂറുകണക്കിനാളുകൾ. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാവായി മാറിയ കെ.പി. ഉണ്ണികൃഷ്ണന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ സ്വകാര്യ ആശുപത്രിയിൽനിന്ന് പന്നിയങ്കരയിലെ പത്മാലയത്തിൽ എത്തിച്ചു. പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അതിരാവിലെ മുതൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരെത്തി അന്ത്യോപചാരമറിയിച്ചു. ആദ്യകാല പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിനാളുകളാണെത്തിയത്.
കെ.പി. ഉണ്ണികൃഷ്ണന്റെ മൃതദേഹത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അന്തിമോപചാരം അർപ്പിക്കുന്നു
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, മേയർ ഒ. സദാശിവൻ, എം.എൽ.എമാരായ ഇ.കെ. വിജൻ, എൻ. ഷംസുദ്ദീൻ, എം.പിമാരായ എം.കെ. രാഘവൻ, ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സി.പി.എം ജില്ല സെക്രട്ടറി എം. മെഹബൂബ്, എൻ.സി.പി ദേശീയ വൈസ് പ്രസിഡന്റ് പി.സി. ചാക്കോ, എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ, പി.എം. സുരേഷ്ബാബു, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ജില്ല പ്രസിഡന്റ് എം.എ. റസാഖ്, ജില്ല സെക്രട്ടേറിയറ്റംഗം സി.പി. മുസാഫർ അഹമ്മദ്, കേളു എട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ, ഒഡേപാക് ചെയർമാൻ കെ.പി. അനിൽകുമാർ, മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ, സി.പി.ഐ ജില്ല സെക്രട്ടറി പി. ഗവാസ്, ടി.വി. ബാലൻ, കെ.കെ. ബാലൻ, പി.കെ. നാസർ, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യൻ, കെ.സി. അബു, മാതൃഭൂമി മാനേജിങ് ഡയറക്ടർ പി.വി. ചന്ദ്രൻ, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പി. രവീന്ദ്രൻ, പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ, സി.പി. സോമശേഖരൻ, കെ.എം.കെ. ബാലകൃഷ്ണൻ, കോഴിക്കോട് സഹകരണ ആശുപത്രി ചെയർമാൻ പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ്, സെക്രട്ടറി എ.വി. സന്തോഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. ജയന്ത്, വി.എ. നാരായണൻ, സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, കെ.എം. അഭിജിത്ത്, വി.ടി. സൂരജ്, ഐ. മൂസ, എൽ.ജെ.ഡി ജില്ല പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, വി. കുഞ്ഞാലി, ഇ.പി. ദാമോദരൻ, എം.കെ. ഭാസ്കരൻ, സലീം മടവൂർ, എൻ. വേണു, പി. രഘുനാഥ് തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
കെ.പി ഉണ്ണികൃഷ്ണന്റെ മൃതദേഹത്തിൽ ആദരാഞ്ജലിയർപ്പിക്കുന്ന ഭാര്യ അമൃത ഉണ്ണികൃഷ്ണൻ, മക്കളായ നിരഞ്ജന ഉണ്ണികൃഷ്ണൻ, സുദക്ഷിണ ഉണ്ണികൃഷ്ണൻ എന്നിവർ
വടകരയുടെ സ്വന്തം കെ.പി. ഉണ്ണികൃഷ്ണൻ
വടകര: വർഗീയതക്കെതിരെയും മതനിരപേക്ഷതക്കു വേണ്ടിയും ശക്തമായ നിലപാടുമായി മുന്നോട്ട് പോയ കെ.പി. ഉണ്ണികൃഷ്ണൻ വടകരയുടെ അഭിമാനമായിരുന്നു. അദ്ദേഹത്തെ ആറു തവണയാണ് വടകരക്കാർ പാർലമെന്റിലേക്ക് അയച്ചത്. പ്രചാരണ പര്യടനത്തിനിടെ പലപ്പോഴും രാത്രി ഏറെ വൈകിയാണ് ഉണ്ണികൃഷ്ണൻ ഗ്രാമീണ മേഖലകളിൽ എത്തിയിരുന്നതെന്ന് പഴമക്കാർ ഓർക്കുന്നു. 1971ൽ തുടക്കം കുറിച്ച വിജയകുതിപ്പിന് പരിസമാപ്തിയായത് 1995ൽ കോൺഗ്രസിൽ തിരിച്ചെത്തി 1996ൽ സി.പി.എമ്മിലെ ഒ. ഭരതനോട് പരാജയപെട്ടതോടെയാണ്. 1991ലെ പൊതുതെരഞ്ഞെടുപ്പിൽ വടകര കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഇടതു സ്ഥാനാർഥിയായിരുന്ന ഉണ്ണികൃഷ്ണനെ ഏതുവിധേനെയും തോൽപ്പിക്കാൻ സ്വതന്ത്ര സ്ഥാനാർഥിയായി യു.ഡി.എഫ് രംഗത്തിറക്കിയത് പ്രഗൽഭ അഭിഭാഷകൻ രത്നസിങിനെ. കോലീബി സംഖ്യം എന്ന ആരോപണം ശക്തമായിരുന്നു. ഈ ധാരണകൾക്കൊന്നും ഉണ്ണികൃഷ്ണന്റെ സ്വീകാര്യതയെ ഇളക്കാനായില്ല. 16943 വോട്ടിന്റെ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിച്ചു.കുവൈത്ത് യുദ്ധവേളയിൽ പ്രവാസികളെ മടക്കിക്കൊണ്ട് വരുന്നതിൽ മുന്നണി പോരാളിയായി പ്രവർത്തിച്ചിരുന്നു.
