ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് സെമി; ജയിച്ചാൽ കപ്പ്..!

ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറയും സഞ്ജു സാംസണും പരിശീലനത്തിനിടെ
മുംബൈ: രാജ്യം ഹോളി ആഘോഷത്തിൽ വർണമഴ പൊഴിക്കവേ ട്വന്റി20 ലോകകപ്പ് കലാശപ്പോരിലേക്ക് ടിക്കറ്റെടുക്കാൻ ഇന്ത്യ വ്യാഴാഴ്ചയിറങ്ങുന്നു. വാംഖഡെ സ്റ്റേഡിയത്തിൽ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ മെൻ ഇൻ ബ്ലൂവിനെതിരെ കൊമ്പുകോർക്കുന്നത് ഇംഗ്ലണ്ടാണ്. രണ്ട് തവണ ജേതാക്കളായിട്ടുള്ള ഇംഗ്ലീഷ് പട ഇക്കുറി സൂപ്പർ എട്ടിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് സെമിയിൽ കടന്നത്. ഇന്ത്യയാവട്ടെ ദക്ഷിണാഫ്രിക്കയോട് തോറ്റതിനുശേഷം ശക്തമായി തിരിച്ചുവരുകയായിരുന്നു.
നിർണായക ഘട്ടത്തിൽ സഞ്ജു സാംസൺ ഫോമിലേക്കുയർന്നതിന്റെ ആവേശത്തിലാണ് ആതിഥേയ ക്യാമ്പ്. മുൻനിര പരാജയപ്പെട്ടപ്പോൾ വെസ്റ്റിൻഡീസിനെതിരായ മൂന്നാം സൂപ്പർ എട്ട് മത്സരത്തിൽ തോൽവി മുന്നിൽക്കണ്ട ടീമിനെ പുറത്താവാതെ 50 പന്തിൽ 97 റൺസ് നേടി സഞ്ജു രാജകീയമായി സെമിയിലെത്തിച്ചു. ഇന്ന് അഭിഷേക് ശർമ-സഞ്ജു സാംസൺ ഓപണിങ് സഖ്യം മികച്ച തുടക്കം നൽകിയാൽ കാര്യങ്ങൾ വഴിക്ക് വരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. തുടർന്ന് വരുന്ന ഇഷാൻ കിഷൻ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരും ഇംഗ്ലീഷ് ബൗളർമാരെ അനായാസം കൈകാര്യം ചെയ്യാൻ കെൽപുള്ളവരാണ്. ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് ഡിപ്പാർട്ട്മെന്റും സുസജ്ജമാണ്. വിജയ ഇലവനിൽ പരീക്ഷണങ്ങൾക്ക് മുതിരാൻ സാധ്യതയില്ലാത്തതിനാൽ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ, സ്പിന്നർ വരുൺ ചക്രവർത്തി, പേസർ അക്ഷർ പട്ടേൽ എന്നിവരും തുടരും.
ഹാരി ബ്രൂക് നയിക്കുന്ന ഇംഗ്ലീഷ് നിരയും ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. പേസർ ജോഫ്ര ആർച്ചറിനെതിരെ സഞ്ജുവും സ്പിന്നർ വിൽ ജാക്സിനെതിരെ അഭിഷേകും പതറിയ അനുഭവങ്ങളിൽ ഇവർ പ്രതീക്ഷയർപ്പിക്കുന്നു. ലോകോത്തര ബാറ്റർമാരായ ഫിൽ സാൾട്ട്-ജോസ് ബട്ലർ ജോടിയിലെ ഒരാളെങ്കിലും നിലയുറപ്പിച്ചാൽ ഇന്ത്യക്ക് പണിയാവും. മാച്ച് വിന്നിങ് ഓൾ റൗണ്ടർ സാം കറനാണ് ഇംഗ്ലണ്ടിന്റെ വജ്രായുധം. ട്വന്റി20യുടെ അനിശ്ചിതത്വത്തിൽ ആർക്കും മുൻതൂക്കമില്ലാത്ത മത്സരത്തിൽ ടോസും വിധി നിർണയിച്ചേക്കും.
ടീം ഇവരിൽനിന്ന്
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, റിങ്കു സിങ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ.
ഇംഗ്ലണ്ട്: ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജോസ് ബട്ലർ, ഫിൽ സാൾട്ട്, ജേക്കബ് ബെഥേൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, റെഹാൻ അഹമ്മദ്, ലിയാം ഡോസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജോഷ് ടോങ്, ലൂക്ക് വുഡ്.
ഇന്ത്യയും ഇംഗ്ലണ്ടും സെമിയിൽ ഏറ്റുമുട്ടിയ 2022ലെയും ’24ലെയും അനുഭവം
ട്വന്റി20 ലോകകപ്പ് സെമിയിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം വരുന്നത്. 2022ൽ ഏറ്റുമുട്ടിയപ്പോൾ 10 വിക്കറ്റിന്റെ വൻ ജയം നേടിയ ഇംഗ്ലീഷുകാർ ഫൈനലിൽ പാകിസ്താനെ തോൽപിച്ച് കിരീടവുമായാണ് ആസ്ട്രേലിയയിൽനിന്ന് മടങ്ങിയത്. പിന്നീട് ഇന്ത്യക്ക് ഇംഗ്ലണ്ടിനെ 2024ലെ സെമിയിലും എതിരാളികളായി കിട്ടി. 68 റൺസ് ജയവുമായി മധുരമായി കണക്കു തീർത്ത് രോഹിത് ശർമയും സംഘവും ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ജേതാക്കളായി. ഇന്ത്യ-ഇംഗ്ലണ്ട് സെമി ജയിക്കുന്നവരെ കാത്തിരിക്കുന്നത് കിരീടമാണെന്നതാണ് ചരിത്രം.
ഹെഡ് ടു ഹെഡ്
|
വർഷം |
ഘട്ടം |
ഫലം |
|
2007 |
ഗ്രൂപ് |
ഇന്ത്യക്ക് 18 റൺസ് ജയം |
|
2009 |
സൂപ്പർ 8 |
ഇംഗ്ലണ്ടിന് 3 റൺസ് ജയം |
|
2012 |
ഗ്രൂപ് |
ഇന്ത്യക്ക് 90 റൺസ് ജയം |
|
2022 |
സെമി |
ഇംഗ്ലണ്ടിന് 10 വിക്കറ്റ് ജയം |
|
2024 |
സെമി |
ഇന്ത്യക്ക് 68 റൺസ് ജയം |
റാങ്കിങ്: സഞ്ജുവിന് വൻ കുതിപ്പ്
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ വെടിക്കെട്ട് ഇന്നിങ്സിന് പിന്നാലെ ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ മുന്നേറ്റവുമായി മലയാളി താരവും ഇന്ത്യൻ ഓപണറുമായ സഞ്ജു സാംസൺ. പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ റാങ്കിങ് പ്രകാരം ഒറ്റയടിക്ക് 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സഞ്ജു 40ാം സ്ഥാനത്തെത്തി. ബാറ്റർമാരിൽ ഇന്ത്യൻ ഓപണർ അഭിഷേക് ശർമയും ബൗളർമാരിൽ സ്പിന്നർ വരുൺ ചക്രവർത്തിയും ഒന്നാംസ്ഥാനം നിലനിർത്തി.
