വാങ്കഡെയിൽ വെടിക്കെട്ട് ഫിഫ്‌റ്റിയുമായി സഞ്ജു; സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കുതിക്കുന്നു. വെറും 26 പന്തിൽ അർധസെഞ്ചറി തികച്ച മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് കരുത്താകുന്നത്. തുടക്കത്തിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ നഷ്ടമായെങ്കിലും, ക്രീസിലൊന്നിച്ച സഞ്ജു സാംസണും ഇഷാൻ കിഷനും ചേർന്ന് ഇംഗ്ലീഷ് ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു.18 ബാളിൽ 35 റൺസുമായി ഇഷാൻ കിഷൻ സഞ്ജുവിന് മികച്ച കൂട്ടുകെട്ട് നൽകിയാണ് മടങ്ങിയത്. നേരത്തെ, സഞ്ജു നൽകിയ അനായാസ ക്യാച്ച് ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്ക് കൈവിട്ടിരുന്നു. ഈ ജീവൻദാനമാണ് ഇംഗ്ലണ്ടിന് ഇപ്പോൾ വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്.

നേരത്തെ ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ, ടോസ് നഷ്ടപ്പെട്ടതിൽ ആശങ്കയില്ലെന്നും ആദ്യം ബാറ്റുചെയ്യാനാണ് ഇന്ത്യയും ആഗ്രഹിച്ചിരുന്നതെന്നും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി. തുടർച്ചയായ മൂന്നാം തവണയാണ് ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത്. കഴിഞ്ഞ രണ്ട് തവണയും ഈ സെമി പോരാട്ടത്തിൽ വിജയിച്ചവർ തന്നെയാണ് ലോകകപ്പ് കിരീടം ചൂടിയത് എന്നത് ഇന്നത്തെ മത്സരത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർ ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ നേരിടും.