ആഗോള അയ്യപ്പ സംഗമം: ദേവസ്വം ഫണ്ടിലെ അഞ്ച് കോടി മുടക്കിയത് ഗൗരവതരം -ഹൈകോടതി
കൊച്ചി: സ്പോൺസർഷിപ് തുകയിൽ ഒതുങ്ങേണ്ടിയിരുന്ന ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ഫണ്ടിൽനിന്ന് അഞ്ച് കോടി രൂപ ചെലവാക്കിയതും കൃത്യമായ ബില്ലുകളില്ലാത്തതും ഗൗരവതരമെന്ന് ഹൈകോടതി. ഭക്തരുടെ പണവും ക്ഷേത്ര ഫണ്ടും കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട ജാഗ്രത ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.
അയ്യപ്പ സംഗമത്തിന്റെ വരവുചെലവു കണക്കുകളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയിലും വീണ്ടും കടുത്ത അതൃപ്തിയറിയിച്ചാണ് കോടതിയുടെ നിരീക്ഷണം. സംഗമവുമായി ബന്ധപ്പെട്ട് ചാർട്ടേഡ് അക്കൗണ്ടിങ് സ്ഥാപനമായ വിജയൻ ആൻഡ് അസോസിയേറ്റ് തയാറാക്കിയ ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കവേയാണ് ദേവസ്വം ബെഞ്ച് കണക്കിലെ പൊരുത്തക്കേടുകൾ എണ്ണിപ്പറഞ്ഞത്. പത്ത് വർഷമായി ബോർഡിന്റെ ഓഡിറ്റിങ് നടത്തുന്ന ഈ സ്ഥാപനത്തോട്, സാമ്പത്തിക മാനേജ്മെന്റ് മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. വിഷയം വീണ്ടും ഏപ്രിൽ ഒന്നിന് പരിഗണിക്കാനായി മാറ്റി.
