‘മറ്റെന്തെല്ലാം മാർഗങ്ങളുണ്ട്, ഈ സമരം രോഗികളുടെ ജീവൻ വെച്ചുള്ള വിലപേശലാണെന്ന് പറയാതെ വയ്യ’ -നഴ്സുമാരുടെ സമരരീതി മാറ്റണമെന്ന് ഇഖ്റ ആശുപത്രി



കോഴിക്കോട്: രോഗികളുടെ ജീവൻ വെച്ചുള്ള വിലപേശൽ അവസാനിപ്പിച്ച്, അവകാശങ്ങൾ നേടിയെടുക്കാൻ സക്രിയമായ സമര മുറകളിലേക്ക് നഴ്സുമാർ മാറണമെന്ന് കോഴിക്കോട് ഇഖ്റ ഇന്റർനാഷനൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ. നഴ്സിങ് ജീവനക്കാരുടെ പഠന കാലത്തെ ചിലവിനെക്കുറിച്ചോ ജോലിഭാരത്തെ സംബന്ധിച്ചോ അവരുടെ വേതനവ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ചോ ഒന്നും ആർക്കും രണ്ടഭിപ്രായമില്ല. എന്നാൽ, ഇപ്പോൾ അവർ നടത്തിവരുന്ന സമര രീതി ആശുപത്രിയിലെത്തുന്ന ആസന്ന നിലയിലുള്ള രോഗികളുടെ ജീവൻ വെച്ചുള്ള വിലപേശലാണെന്ന് പറയാതെ വയ്യ. ആശുപത്രി അവശ്യ സേവനങ്ങളെ ഇവ്വിധം ബന്ധിയാക്കി വിലപേശുന്നത് പരിഷ്കൃത സമൂഹത്തിൽ കേട്ടു കേൾവിയില്ലാത്ത കാര്യമാണ്. സ്വകാര്യ ആശുപത്രികളെ വരച്ച വരയിൽ നിർത്താൻ അത്യാസന്ന രോഗികൾക്കുള്ള ചികിത്സ നിഷേധിക്കാതെ തന്നെ മറ്റെന്തെല്ലാം മാർഗങ്ങളുണ്ട് -ആശുപത്രിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

ശമ്പള വർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ തിങ്കളാഴ്ച നടത്തിയ പണിമുടക്കിൽ കോഴിക്കോട് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചിരുന്നു. കലക്ടറേറ്റിന് മുന്നിലായിരുന്നു നഴ്സുമാരുടെ പ്രതിഷേധ സമരം. ആശുപത്രികളിലെ അത്യാഹിത വിഭാഗത്തെയടക്കം സമരം ബാധിച്ചു. പ്രവർത്തനം തടസ്സപ്പെട്ടതോടെ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതുൾപ്പെടെ പ്രമുഖ ആശുപത്രികളടക്കം നിർത്തി. പ്രസവം ഉൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ച പല ശസ്ത്രക്രിയകളും മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ട സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിൽ അടിയന്തര ചികിത്സക്കെത്തുന്ന രോഗികളുടെ ചികിത്സ ഉറപ്പാക്കണമെന്ന് ആശുപത്രി മാനേജ്മെന്റുകൾ ജില്ല കലക്ടറോടും ജില്ല മെഡിക്കൽ ഓഫിസറോടും ആവശ്യപ്പെട്ടു.

അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ(യു.എൻ.എ) നേതൃത്വത്തിൽ നഴ്സുമാർ പണിമുടക്കുന്നത്. ആവശ്യം അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് യു.എൻ.എ ജില്ലാ സെക്രട്ടറി ജിഷ്ണു അശോക് വ്യക്തമാക്കി. ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ കഴിഞ്ഞദിവസം വരെ മൂന്നിലൊന്ന് ജീവനക്കാരെ സമരരംഗത്ത് ഇറക്കാതെയായിരുന്നു പ്രതിഷേധം. നിലവിൽ രോഗികളെ ഷിഫ്റ്റ് ചെയ്യാനുള്ള സംവിധാനം പൂർണമാകുന്നതോടെ അവശേഷിക്കുന്ന നഴ്സുമാർ കൂടി സമരരംഗത്തേക്ക് ഇറങ്ങും. അതോടെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായി സ്തംഭിക്കുമെന്നും ജിഷ്ണു അശോക് പറഞ്ഞു. വലിയ ബസുകളിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കലക്ടറേറ്റിന് മുന്നിലേക്ക് നഴ്സുമാർ എത്തിയത്. രാവിലെ ഒമ്പതുമണിക്ക് തുടങ്ങിയ സമരം നാലുമണിക്ക് അവസാനിച്ചു.

ഇഖ്റ ആശുപത്രിയുടെ കുറിപ്പിന്റെ പൂർണരൂപം:

രോഗികളുടെ ജീവൻ വെച്ച് വിലപേശുന്ന ഒരു സമരം.. നഴ്സിങ് ജീവനക്കാരുടെ പഠന കാലത്തെ ചിലവിനെക്കുറിച്ചോ ജോലിഭാരത്തെ സംബന്ധിച്ചോ അവരുടെ വേതനവ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ചോ ഒന്നും ആർക്കും രണ്ടഭിപ്രായമില്ല. എന്നാൽ, ഇപ്പോൾ അവർ നടത്തിവരുന്ന സമര രീതി ആശുപത്രിയിലെത്തുന്ന ആസന്ന നിലയിലുള്ള രോഗികളുടെ ജീവൻ വെച്ചുള്ള വിലപേശലാണെന്ന് പറയാതെ വയ്യ.

സർക്കാർ ആശുപത്രികളുടെ പരിമിതികളിൽ നിന്ന് രക്ഷതേടി ഉള്ളവരും ഇല്ലാത്തവരുമായി വലിയൊരു വിഭാഗം ജനങ്ങൾ ആശ്രയിക്കുന്നത് ഇന്ന് സ്വകാര്യ ആശുപത്രികളെയാണ്. ജീവൻ രക്ഷിക്കാനായി ആംബുലൻസിൽ ചീറിപ്പാഞ്ഞെത്തുന്ന രോഗികൾക്ക് മുന്നിൽ അടഞ്ഞു കിടക്കുന്ന എമർജൻസി ഡിപ്പാർട്മെന്റ് കാണിക്കലാണോ ആരോഗ്യ സേവന രംഗത്തെ മാലാഖമാരുടെ സമരം വിജയിപ്പിക്കാനുള്ള മാർഗം. വെന്റിലേറ്ററിൽ ജീവനുവേണ്ടി പിടയുന്ന നവജാത ശിശുക്കളെ പരിചരിക്കുന്ന നഴ്സുമാരെ ഉടൻ പിൻവലിക്കുമെന്നും അല്ലെങ്കിൽ എത്രയും പെട്ടെന്ന് ചർച്ചക്ക് തയ്യാറാവണമെന്നും ഭീഷണി മുഴക്കുന്നത് എങ്ങനെയാണ് ഒരവകാശ സമരമായി മനസ്സിലാക്കാൻ സാധിക്കുക. ഐ.സി.യുകൾ അടച്ചു പൂട്ടി, ഹാർട്ട് അറ്റാക്ക് വന്നവരെ കാത് ലാബ് മുടക്കി തിരിച്ചയച്ച് നിങ്ങൾ ആഘോഷിക്കുന്ന സമാരോന്മാദം നിങ്ങളിൽപെട്ട ഒരാൾക്ക് ഒരത്യാഹിതം സംഭവിച്ചാൽ പോലും തിരിച്ചറിയാനാവാത്ത വിധം ഒരു മിഥ്യ ലഹരിയിൽ നിങ്ങൾ അകപ്പെട്ടിരിക്കുന്നു.

നിയമപരമായ മുൻ‌കൂർ നോട്ടീസില്ലാതെ സൂചന സമരമായി ആരംഭിച്ച ഈ പണിമുടക്ക് തികച്ചും അന്യായമായ രീതിയിൽ അനിശ്ചിത കാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിക്കുകയായിരുന്നു. സമരക്കാർ അവരുടെ ഔദാര്യമെന്നോണം ചില ക്രിട്ടിക്കൽ ഏരിയകളിൽ വിരലിലെണ്ണാവുന്ന ആളുകളെ ഡ്യൂട്ടി എടുക്കാൻ അനുവദിക്കുന്നു എന്നതിനൊപ്പം കാഷ്വാലിറ്റി അടക്കം അത്യാസന്ന പരിചരണ വിഭാഗങ്ങളിൽ നിന്നെല്ലാം രോഗികളെ ഒഴിപ്പിക്കണം എന്നാണവർ ആവശ്യപ്പെടുന്നത്.

ആശുപത്രിയുടെ അവശ്യ സേവനങ്ങളെ ഇവ്വിധം ബന്ധിയാക്കി വിലപേശുന്നത് ഒരു പരിഷ്കൃത സമൂഹത്തിൽ കേട്ടു കേൾവിയില്ലാത്ത കാര്യമാണ്. സ്വകാര്യ ആശുപത്രികളെ വരച്ച വരയിൽ നിർത്താൻ അത്യാസന്ന രോഗികൾക്കുള്ള ചികിത്സ നിഷേധിക്കാതെ തന്നെ മറ്റെന്തെല്ലാം മാർഗങ്ങളുണ്ട്.

ഇലക്റ്റീവ് സർജറികൾക്ക് സഹകരിക്കാതിരുന്നാൽ തന്നെ ആശുപത്രി വരുമാനത്തെ അത് ഗണ്യമായി ബാധിക്കും. ഒ.പി തടസ്സപെടുത്തലടക്കം കാലങ്ങളായി സ്വീകരിച്ചു വരുന്ന എത്രയോ വഴികളുണ്ട് പ്രതിഷേധിക്കാൻ. നിസ്സഹായരായ രോഗികളുടെ ദൈന്യതയെ അവകാശങ്ങൾ നേടിയെടുക്കാനുള്ള ഉപാധിയാക്കും വിധം ഇവർക്ക് സമരമുപദേശിക്കുന്ന നേതൃത്വത്തിന്റെ പക്വതക്കുറവിനെ കുറിച്ച്, ചിന്തയിലെ അധാർമികതയെക്കുറിച്ച് അനുയായികൾ തന്നെ ആഴത്തിൽ ചിന്തിക്കട്ടെ.

പൊതു തൊഴിലാളി വിഭാഗങ്ങളും രാഷ്ട്രീയ സംഘടനകളുമെല്ലാം നടത്തുന്ന ബന്ദുകളിൽ പോലും ആശുപത്രി സേവനങ്ങളെ ഒഴിവാക്കികൊണ്ടല്ലാത്ത ഒരു സമരവും ഇന്നേ വരെ ഒരിടത്തും കണ്ടിട്ടില്ല. ഇതിപ്പോ ആശുപത്രി സേവനത്തിന്റെ അനിവാര്യതയെക്കുറിച്ച് എല്ലാമറിയുന്നവർ ഇങ്ങനെ ചെയ്താൽ ഒരിക്കലും മറക്കാത്ത ക്രൂരതയുടെ കറുത്ത പാടുകളായി ഈ സംഘടനയുടെ ചരിത്രത്തിൽ ഈ നാളുകൾ എഴുതപ്പെടുക തന്നെ ചെയ്യും. നമ്മുടെ നഴ്സിംഗ് സഹോദരങ്ങൾ സാമാന്യ ബോധത്തിലേക്ക് തിരിച്ചു വരണം. സമൂഹത്തോട് ചെയ്യുന്ന ഈ ക്രൂരതയിൽ നിന്ന് പിന്മാറി, സക്രിയമായ സമര മുറകളിലേക്ക് മാറണം.