ജി. സുധാകരനെ അവഗണിച്ചിട്ടില്ല, മൂന്ന് തവണ വിളിച്ചിരുന്നു, പക്ഷെ എടുത്തില്ല- പിണറായി വിജയൻ



കണ്ണൂർ: ജി. സുധാകരന്‍റെയും ടി. കെ ഗോവിന്ദന്‍റെയും കാര്യത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ഇത്രയും കാലം നടത്തിയ രാഷ്ട്രീയ പ്രവർത്തനം അവസാനം കൊണ്ടുപോയ് കലമുടക്കുന്നത് പോലെയാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായത്. ഒരുതരത്തിലും കാണിക്കാൻ പാടില്ലാത്ത വഞ്ചന കാണിച്ചു. എതിരാളികളുമായി ചേർന്ന് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന അവസ്ഥയുണ്ടായെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ജി സുധാകരനെ അവഗണിച്ചിട്ടില്ല. അദ്ദേഹം പാർട്ടിക്കകത്ത് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവായിരുന്നു. നല്ല പരിഗണനയാണ് എല്ലാ ഘട്ടത്തിലും അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. ഒരു ഘട്ടത്തിലും അവഗണിക്കുന്ന നിലപാട് ഉണ്ടായിട്ടില്ല. അത് അദ്ദേഹത്തിന് തന്നെ ബോധ്യമുള്ള കാര്യമാണ്. പിന്നെ പാർട്ടി കോൺഗ്രസ് എടുത്ത തീരുമാനം ആർക്കും മാറ്റാൻ കഴിയുന്നതല്ല. നിരവധി കഴിവുള്ള സഖാക്കൾ 75 വയസിന്‍റെ പ്രായ പരിധിമൂലം മാറിനിൽക്കുന്നുണ്ട്. അതിൽ ഒരാൾ മാത്രമാണ് ജി. സുധാകരൻ.

അത് അവഗണനയല്ല. ഈ മാറ്റത്തിന്‍റെ സാഹചര്യം ഉൾക്കൊള്ളാൻ കഴിയുക എന്നതാണ് പ്രാധാനം. അത് ഉൾക്കൊള്ളാൻ കഴിയാത്ത ആളാണ് സുധാകരനെന്ന് പറയാൻ കഴിയില്ല, പക്ഷെ അദ്ദേഹത്തിന് അതുമായി പൊരുത്തപ്പെടാൻ പറ്റിയില്ല. ഞാൻ അദ്ദേഹത്തെ മൂന്ന് തവണ വിളിച്ചിരുന്നു. പക്ഷെ എടുത്തില്ല. തിരിച്ചു വിളിച്ചുമില്ല. എന്നാൽ ഞാൻ വിളിച്ചില്ലെന്നാണ് ആർ. നാസറിനോട് സുധാകരൻ പറഞ്ഞത്’ – അദ്ദേഹം പറഞ്ഞു.