അഞ്ച് ദിവസത്തേക്ക് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ്; പിൻമാറ്റം തിരിച്ചടി ഭയന്നോ ?



വാഷിംഗ്ടൺ : അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാന്‍റെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.തന്‍റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത പൂർണ്ണമായും അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകൾ അത്യന്തം ഫലപ്രദമാണെന്നും ട്രംപ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ ട്രംപ് പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഈ ആഴ്ചയിലുടനീളം തുടരും. നിലവിൽ നടന്നുവരുന്ന ചർച്ചകളുടെ പുരോഗതി വിലയിരുത്തിയാകും തുടർന്നുള്ള നടപടികൾ സ്വീകരിക്കുക. “അത്യന്തം ക്രിയാത്മകവും വിശദവുമായ സംഭാഷണങ്ങളാണ് നടക്കുന്നത്. മധ്യേഷ്യയിലെ സംഘർഷങ്ങൾ പരിഹരിക്കാൻ ഈ ചർച്ചകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ,” ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഹുർമുസ് കടലിടുക്ക് എല്ലാ കപ്പലുകൾക്കുമായി തുറന്നുനൽകാൻ ട്രംപ് ഇറാനാ 48 മണിക്കൂർ സമയം നൽകിയിരുന്നു. അല്ലാത്തപക്ഷം ഇറാന്റെ ഊർജ്ജമേഖലയെ തകർക്കുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ ഇതിന് മറുപടിയായി കടലിടുക്ക് പൂർണ്ണമായും അടയ്ക്കുമെന്നും ഇസ്രായേലിലെയും ഗൾഫ് രാജ്യങ്ങളിലെയും എണ്ണക്കമ്പനികളെ ആക്രമിക്കുമെന്നും ഇറാൻ തിരിച്ചടിച്ചിരുന്നു.

അമേരിക്ക ഭീഷണി തുടർന്നാൽ തങ്ങളുടെ പക്കലുള്ള ‘മൈനുകൾ’ ഉപയോഗിച്ച് ഗൾഫ് കപ്പൽ പാതകളെ നിശ്ചലമാക്കുമെന്ന് ഇറാന്റെ ഡിഫൻസ് കൗൺസിൽ മുന്നറിയിപ്പ് നൽകി. അമേരിക്കൻ താവളങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന കേന്ദ്രങ്ങളെയും അമേരിക്കൻ പങ്കാളിത്തമുള്ള സാമ്പത്തിക-വ്യാവസായിക സ്ഥാപനങ്ങളെയും തകർക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പിൻമാറ്റം. ട്രംപിന്‍റെ ഈ പിൻമാറ്റം തിരിച്ചടി ഭയന്നാണോ എന്നും ചോദിക്കുന്നുവരുണ്ട്.