‘തല മീറ്റ്സ് തല’, ഇത് ചെന്നൈ കാത്തിരുന്ന നിമിഷം; ഇന്റർനെറ്റിൽ തരംഗമായി എ.ആർ. റഹ്മാന്‍ പങ്കുവെച്ച വീഡിയോ

ചെന്നൈ ചെപ്പോക്കിൽ അതൊരു ഗംഭീര രാത്രിയാകുമെന്ന് ഉറപ്പായിരുന്നു. എം.എ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ പ്രീ-സീസൺ ഫാന്‍ ഇവന്‍റിലെ താരനിര തന്നെ നഗരത്തെ ആവേശത്തിലാക്കാന്‍ പോന്നതായിരുന്നു. സുരേഷ് റെയ്‌ന, ഡ്വെയ്ൻ ബ്രാവോ, ഹർഭജൻ സിങ്, അമ്പാട്ടി റായുഡു, മാത്യു ഹെയ്ഡൻ തുടങ്ങി നിരവധി മുൻ സി.എസ്.കെ താരങ്ങളുടെ സാന്നിധ്യം കൊണ്ട് അതൊരു അപൂർവ പുനഃസംഗമ വേദി കൂടിയായി മാറി.
സദസിനെ പ്രകമ്പനം കൊള്ളിക്കുന്ന എ.ആർ. റഹ്മാന്റെ തത്സമയ സംഗീത പ്രകടനം കൂടെയായപ്പോൾ എല്ലാം പ്രതീക്ഷിച്ചതിനേക്കാൾ മനോഹരം. എന്നാൽ, അടുത്ത ദിവസം ഇന്റർനെറ്റിൽ തരംഗമാകാൻ പോകുന്ന ഒരു വീഡിയോ അതിനേക്കാൾ ആവേശം നൽകുമെന്ന് ആരാധകർ അറിഞ്ഞിരുന്നില്ല. `തല മീറ്റ്സ് തല’ എന്ന അടിക്കുറിപ്പോടെ എ.ആർ. റഹ്മാന്‍ പങ്കുവെച്ച വീഡിയോയാണ് സമൂഹമാധ‍്യമത്തിൽ ചർച്ചയായത്. ചെന്നൈയുടെ ഐക്കൺ സ്റ്റാർ മഹേന്ദ്ര സിങ് ധോണിയെ സന്ദർശിക്കുന്ന വീഡിയോയാണ് തന്റെ മകൻ എ.ആർ. അമീനുമായി ചേർന്നുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ റഹ്മാൻ പങ്കുവെച്ചത്. ഇരുവരും ചേർന്ന് മറ്റൊരാളുമായി വീഡിയോ കോളിൽ സംസാരിക്കുന്നതും പിന്നീട് റഹ്മാൻ ധോണിയുടെ മകൾ സിവയെ കാണുന്നതും വീഡിയോയിൽ കാണാം. സംഗീത നിശയുടെ ദൃശ്യങ്ങളും കൂടെയുണ്ട്.
ഇരുവരും തങ്ങളുടേതായ മേഖലകളിൽ തല എന്ന വിളിപ്പേരിന് അർഹരാണ്. ചെന്നൈ സൂപ്പർ കിംഗിന്‍റെ പ്രാരംഭഘട്ടം മുതൽ ആരാധകർ ധോണിയെ വിളിക്കുന്നത് തല എന്നാണ്. തമിഴിൽ `നേതാവ്’ എന്നർഥം വരുന്ന വാക്ക് ചെന്നൈയിൽ ധോണിയുടെ സ്വത്വത്തിന്‍റെ ഭാഗമാണ്. ചെന്നൈയിൽ ജനിച്ചുവളർന്ന റഹ്മാനാകട്ടെ സംഗീത ലോകത്തെ അനിഷേധ്യ പ്രതിഭയും. പ്രിയതാരങ്ങളെ ഒരേ ഫ്രെയിമിൽ കണ്ടപ്പോൾ ആരാധകർക്കും ഏറെ സന്തോഷം. പിന്നാലെ വികാരഭരിതമായ നിരവധി കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു.
2026 ഐ.പി.എൽ ലും ധോണി ചെന്നൈ സൂപ്പർ കിങ്സിസിനായി കളത്തിലിറങ്ങും. 2008 മുതൽ ടീമിൽ സജീവമായ ധോണി 5,400-ലധികം റൺസ് നേടിയിട്ടുണ്ട്. ധോണിയുടെ സാന്നിധ്യം ചെന്നൈയുടെ മത്സരങ്ങൾക്ക് നൽകുന്ന തലയെടുപ്പ് സമാനതകളില്ലാത്തതാണ്. എ.ആർ റഹ്മാനെ സംബന്ധിച്ചിടത്തോളം താന്‍ എത്ര ഉയരത്തിലാണെങ്കിലും ചെന്നൈയുമായുള്ള ആത്മബന്ധം ആഴത്തിലുള്ളതാണെന്ന് ഓർമിപ്പിക്കുന്നതായിരുന്നു ആ രാത്രി.
വിജയ് സേതുപതിയെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് റഹ്മാൻ ഇപ്പോൾ. അതിനിടയിൽ, ആ രാത്രിയിലെ അപൂർവ മുഹൂർത്തത്തിൽ പിറന്ന ചെറു വീഡിയോ ക്ലിപ്പാണ് ഇപ്പോൾ സംസാരവിഷയം. രണ്ട് ‘തല’മാർ, ഒരേ ഫ്രെയിം! ചെന്നൈ നഗരം സ്വന്തമെന്ന് ഉറപ്പിച്ച രണ്ട് ഇതിഹാസങ്ങളുടെ സംഗമം.
