ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഇടതുമുന്നണി പിന്നോട്ട് പോയി; രാഹുലിനെതിരായ പിണറായിയുടെ പരാമർശങ്ങൾ അസംബന്ധമെന്ന് സച്ചിൻ പൈലറ്റ്



കോഴിക്കോട്: ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ എൽ.ഡി.എഫ് പിന്നോട്ട് പോയെന്നും കേന്ദ്ര ഏജൻസികളുടെ സമ്മർദത്തിന് വഴങ്ങിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ അസംബന്ധമാണെന്നും അദ്ദേഹം ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ദേശീയതലത്തിൽ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന ഇടതുപക്ഷം ഇപ്പോൾ ആ നിലപാടിൽ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്. ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഭയന്ന് ബി.ജെ.പിക്ക് കീഴടങ്ങുന്ന നിലപാടാണ് മുഖ്യമന്ത്രിയും സി.പി.എമ്മും സ്വീകരിക്കുന്നത്. ബി.ജെ.പി ഭരണകൂടം 31 കേസുകൾ ചുമത്തിയ നേതാവാണ് രാഹുൽ ഗാന്ധി. നിരന്തരമായ രാഷ്ട്രീയ വേട്ടയാടലിനിടയിൽ പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതും അദ്ദേഹമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇതിന് സമാനമായ നടപടികൾ നേരിട്ട ഏത് സി.പി.എം നേതാവാണുള്ളത്? എന്നാൽ, എസ്.എൻ.സി ലാവലിൻ കേസ് സുപ്രീം കോടതി 31 തവണ മാറ്റിവെച്ചത് കേന്ദ്രവും മുഖ്യമന്ത്രിയും തമ്മിലുള്ള ഒത്തുകളിയുടെ തെളിവല്ലേ എന്നും സച്ചിൻ പൈലറ്റ് ചോദിച്ചു.

വിവിധ മതങ്ങളും സമുദായങ്ങളുമുള്ള സംസ്ഥാനമാണ് കേരളം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. മതനിരപേക്ഷ കക്ഷികളുമായാണ് കോൺഗ്രസിന് സഖ്യമുള്ളത്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവർക്കൊപ്പമാണ് പാർട്ടി ചേർന്നുനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം ലീഗിന്‍റെ നിയന്ത്രണത്തിലാണ് യു.ഡി.എഫ് എന്ന പ്രചാരണം ബി.ജെ.പിയുടെ അതേ രാഷ്ട്രീയ തന്ത്രമാണെന്ന് സചിൻ പൈലറ്റ് ചൂണ്ടിക്കാട്ടി. ലീഗ് പതിറ്റാണ്ടുകളായി ഞങ്ങളുടെ സഖ്യകക്ഷിയാണ്. ബഹുമാന്യരായ പങ്കാളികളെന്ന നിലയിൽ യു.ഡി.എഫ് സർക്കാറുകളുടെ ഭാഗമാണവർ. യു.പിയിലും ബിഹാറിലും ബി.ജെ.പി പ്രയോഗിക്കുന്ന അതേ വർഗീയ ധ്രുവീകരണ കാർഡാണ് കേരളത്തിൽ ഇടതു മുന്നണി പയറ്റുന്നതെന്നും സച്ചിൻ പൈലറ്റ് ആരോപിച്ചു. പത്ത് വർഷത്തെ ഭരണവിരുദ്ധ വികാരവും യു.ഡി.എഫിന്‍റെ ജനകീയ പ്രകടനപത്രികയും ചേർന്ന് കേരളത്തിൽ യു.ഡി.എഫിന് വലിയ വിജയം സമ്മാനിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.