ക്രൈസ്തവ മേഖലകളിലേക്ക് ബി.ജെ.പി കടന്നുകയറിയിട്ടില്ല
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫുമായി മാധ്യമം ലേഖകൻ നടത്തിയ അഭിമുഖം
? കെ.പി.സി.സി പ്രസിഡന്റ് പദത്തിലെത്തിയ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനെ എങ്ങിനെ കാണുന്നു?
• കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതലയേറ്റെടുത്തത് മുതൽ ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത് കോൺഗ്രസിന് ശക്തമായ കൂട്ടുൃനേതൃത്വം ആണ് വേണ്ടതെന്നാണ്. പ്രതിപക്ഷ നേതാവ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി, പ്രവർത്തക സമിതി അംഗങ്ങൾ, വർക്കിംഗ് പ്രസിഡന്റുമാർ, യു.ഡി.എഫ് കൺവീനർ ഇവരെല്ലാവരും ഉൾക്കൊള്ളുന്ന കൂട്ടുനേതൃത്വം. ആ നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്.
? ആ കൂട്ടുനേതൃത്വമാണോ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്?
• അതെ. അത് കൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം കരസ്ഥമാക്കാനും നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല നിലക്ക് ഇതുവരെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനും സാധിച്ചത്.
? കോൺഗ്രസ് സ്ഥാനാർഥി നിർണയം കൂട്ടുത്തരവാദിത്തത്തോടു കൂടിയായിരുന്നോ? എല്ലാ നേതാക്കളെയും കൂട്ടിപ്പിടിക്കാനായിട്ടുണ്ടോ?
• അതിൽ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. സാധാരണ ഉണ്ടാകുന്ന തർക്കങ്ങളൊന്നും ഇപ്രാവശ്യം ഉണ്ടായിട്ടില്ല. എല്ലാ പാർട്ടികളിലും ചില അഭിപ്രായ വ്യത്യാസങ്ങളും വിമതരും പൊട്ടിത്തെറികളുമൊക്കെയുണ്ട്. പക്ഷെ, ഒറ്റക്കാര്യം മാത്രം നിങ്ങൾ നോക്കൂ. സ്ഥാനാർഥി നിർണയ ചർച്ച നടക്കുന്ന ദിവസങ്ങളിൽ ഡൽഹി കേരള ഹൗസിലേക്ക് സാധാരണഗതിയിൽ എത്രയാളുകളാണ് മുമ്പൊക്കെ വന്നിരുന്നത്? ചുരുക്കം ചിലരേ ഇക്കുറി ഇവിടെ വന്നിട്ടുള്ളൂ. ഡൽഹിയിലേക്ക് വന്നതിന്റെ പേരിൽ ആർക്കും സീറ്റ് കൊടുത്തിട്ടില്ല. വരാത്തതിന്റെ പേരിൽ ആർക്കും നിഷേധിക്കപ്പെട്ടുമില്ല. നേതാക്കളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുപരിയായി മെറിറ്റിനാണ് പ്രാമുഖ്യം കൊടുത്തത്
? സാമുദായിക ഘടകങ്ങളും പരിഗണിച്ചില്ലേ?
* അതൊക്കെ കോൺഗ്രസ് പരിശോധിക്കേണ്ട ഘടകങ്ങൾ തന്നെയാണ്. എല്ലാം പരിശോധിച്ച് ഏവർക്കും സ്വീകാര്യതയുള്ളവരെയാണ് സ്ഥാനാർഥികളാക്കിയത്.
? സാമുദായിക സന്തുലനം നോക്കാറുള്ള കോൺഗ്രസ് പലപ്പോഴും മലബാറിൽ മുസ്ലിം സമുദായ പ്രാതിനിധ്യത്തിന്റെ കാര്യം വരുമ്പോൾ ആ വിഷയം മുസ്ലിം ലീഗിന് വിട്ടുകൊടുക്കാറാണ് പതിവ്? മലപ്പുറം ജില്ലയിലെ കോൺഗ്രസുകാർക്ക് ഇത്തരമൊരു ആക്ഷേപമില്ലേ?
• നിങ്ങളുടെ ആ ധാരണ തെറ്റാണ്. മുസ്ലിം ലീഗ് ഉള്ളപ്പോൾ തന്നെ മലപ്പുറം ജില്ലയിലെ കോൺഗ്രസിന്റെ ഏറ്റവും ശക്തനായ നേതാവ് ആരായിരുന്നു. ആര്യാടൻ മുഹമ്മദ് അല്ലേ? കോൺഗ്രസിൽ ഇപ്പോൾ കരുത്തുറ്റ മുസ്ലിം നേതാക്കളില്ലേ? ഷാഫി പറമ്പിൽ ഇല്ലേ? ടി. സിദ്ദീഖ് ഇല്ലേ? മുസ്ലിം സമുദായത്തിൽ നിന്ന് കരുത്തുറ്റ നേതാക്കളും അണികളും കോൺഗ്രസിലുണ്ട്; പ്രഗൽഭരായ യുവ നേതാക്കളുമുണ്ട്.
? ക്രൈസ്തവ സമൂഹത്തിലേക്ക് കടന്നുകയറാൻ ശക്തമായ നീക്കങ്ങൾ ബി.ജെ.പി നടത്തുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ച് കാസയെ പോലുള്ള തീവ്ര വർഗീയ സംഘടനകളുടെ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. അവയൊക്കെ ഫലം ചെയ്യുന്നതായി കരുതുന്നുണ്ടോ?
• അത്തരമൊരു തോന്നൽ ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ് പറയേണ്ടത്. ക്രൈസ്തവ സമൂഹത്തിൽ ഒരു സ്വാധീനവും ചെലുത്താനാൻ അവർക്കായിട്ടില്ലെന്ന് സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പും തെളിയിച്ചില്ലേ? തദ്ദേശ തെരഞ്ഞെടുപ്പിൽ എന്തുമാത്രം ലീഡാണ് ഈ മേഖലകളിൽ യു.ഡി.എഫ് ഉണ്ടാക്കിയത്.
?കാസയുടെ വിദ്വേഷ പ്രചാരണം കൊണ്ടും ബി.ജെ.പിക്ക് ഗുണമൊന്നുമുണ്ടായിട്ടില്ലേ?
• ജനം തീർത്തും അവഗണിക്കുന്ന വിഭാഗമാണത്. അതൊക്കെ വിലയിരുത്താനുള്ള രാഷ്ട്രീയ ബോധം ജനങ്ങൾക്കുണ്ട്. അതൊക്കെ തിരിച്ചറിയാനുള്ള ശേഷിയുമുണ്ട്.
? ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ ആരെയാണ് ഏറ്റവും കുടുതൽ പ്രതികൂലമായി ബാധിക്കുക?
• ആരെയാണ് ബാധിക്കുകയെന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടല്ലോ. നിയമസഭാ തെരഞ്ഞെടുപ്പിലും അത് പോലായിരിക്കും. കോൺഗ്രസിനെയും യു.ഡി.എഫിനെയും അത് ബാധിക്കില്ല.
? കോൺഗ്രസ് ഗ്യാരണ്ടികൾ അപ്രായോഗികമാണെന്ന വിമർശനം ഇടതുപക്ഷം അടക്കമുള്ള എതിരാളികളുയർത്തുന്നുണ്ട്? കെ.എസ്.ആർ.ടി.സി പൂട്ടേണ്ടി വരുമെന്നടക്കം അവർ പറയുന്നു?
• ഇതൊക്കെ അവരുടെ ദുഷ് പ്രചരണമാണ്. കർണാടകത്തിലും തെലങ്കാനയിലും കോൺഗ്രസ് വിജയകരമായി നടപ്പാക്കിയ പദ്ധതികളാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കും യുവാക്കൾക്കുമുള്ള പ്രായം ചെന്നവർക്കുമുള്ള ഗ്യാരണ്ടികൾ.
? കോൺഗ്രസ് 100 സീറ്റ് നേടുമെന്ന് വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾ പറയുന്നുണ്ട്. താങ്കളുടെ കണക്കുകൂട്ടൽ എങ്ങിനെയാണ്?
• ഞാനിപ്പോൾ ഒരു കണക്കും പറയുന്നില്ല. ചിലപ്പോൾ വി.ഡി സതീശൻ പറഞ്ഞതിലും കുടുതൽ സീറ്റുകളായേക്കും. യു.ഡി.എഫ് മികവാർന്ന ഭൂരിപക്ഷത്തോടെ ഭരണത്തിലെത്തും.
? കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകണമെന്ന അഭിപ്രായ പ്രകടനം പലരും നടത്തുന്നുണ്ട്?
• മുഖ്യമന്ത്രി ആരെന്ന് തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ യോഗം വിളിച്ചുകൂട്ടി അവരിൽ നിന്ന് അഭിപ്രായം സമാഹരിച്ച് ഹൈകമാൻഡ് നിശ്ചയിക്കും.
