'പ്രിയദർശിനി' സൗജന്യ യാത്ര പ്രതിസന്ധിയാകുന്നു; സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയറ്റ് മാർച്ച് 14ന്

തൃശൂർ: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാരിന്റെ ‘പ്രിയദർശിനി പദ്ധതി’ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകൾ ഒക്ടോബർ 14-ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

സൗജന്യ യാത്രാ പദ്ധതി കാരണം കനത്ത നഷ്ടം നേരിടുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി അടിയന്തര ഇടപെടൽ വേണമെന്നാണ് പ്രധാന ആവശ്യം. ഇതിനുപുറമെ, ദിനംപ്രതി വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുകൾക്ക് ആനുപാതികമായി വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കുകൾ ഉൾപ്പെടെയുള്ള ബസ് ചാർജ് വർധിപ്പിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെടുന്നു.

സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ഒക്ടോബർ അവസാന വാരത്തോടെ ഫെഡറേഷൻ ഭാരവാഹികൾ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനം. തുടർന്നും നടപടികളുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി സർവീസ് നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും സംഘടനാ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.