40 വർഷം ജമാഅത്ത് പിന്തുണച്ചത് സി.പി.എമ്മിനെ, അന്ന് സ്വാഗതം ചെയ്ത പിണറായി ഇപ്പോൾ നുണ പറയുന്നു -സതീശൻ



കോഴിക്കോട്: 40 വർഷം ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ സി.പിഎമ്മിനായിരുന്നുവെന്നും അന്ന് അതിനെ സ്വാഗതം ചെയ്ത പിണറായി വിജയൻ ഇപ്പോൾ നുണ പറയുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആർ.എസ്.എസ് പിന്തുണയും നേരത്തെ സി.പി.എമ്മിന് ഉണ്ടായിരുന്നു. ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെക്കുറിച്ച് നിയമസഭയിൽ പറഞ്ഞപ്പോഴും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും മീഡിയവൺ എഡിറ്റർ പ്രമോദ് രാമന് നൽകിയ അഭിമുഖത്തിൽ സതീശൻ പറഞ്ഞു.

എസ്.ഡി.പിിഐ പിന്തുണ വേണ്ടെന്ന് യു.ഡി.എഫ് കൂട്ടായെടുത്ത തീരുമാനമാണ്. നേരത്തെ പതിറ്റാണ്ടുകാലം അവർ സി.പി.എമ്മിനൊപ്പമായിരുന്നു. അഭിമന്യുവിന്റെ രക്ഷിതാക്കളോട് പിണറായി മാപ്പ് പറയണ്ടേ? എസ്.ഡി.പി.ഐ പിന്തുണ താൻ ആവശ്യപ്പെടില്ല. തനിക്ക് ഒറ്റക്ക് തീരുമാനമെടുക്കാനാവില്ലെന്നും സതീശൻ പറഞ്ഞു.

എസ്.ഡി.പി.ഐ പിന്തുണയിൽ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കാൻ കഴിയുമോ എന്ന് സതീശൻ ചോദിച്ചു. തങ്ങൾ പരസ്യമായാണ് പിന്തുണ വേണ്ടെന്ന് പറഞ്ഞത്. അവസരവാദിയായ പിണറായി വിജയനെ ചില മാധ്യമങ്ങൾ വെള്ളപൂശുകയാണ്. ഡീലിനെതിരെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും പ്രവർത്തകർ പ്രതിഷേധത്തിലാണ്. അതുകൊണ്ട് ഡീൽ പ്രാവർത്തികമാകില്ലെന്നും സതീശൻ പറഞ്ഞു.

സി.പി.എം പാർട്ടി എസ്.ഡി.പി.ഐയുടെ പിന്തുണ തേടിയിട്ടില്ലെന്ന് പറഞ്ഞ എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ പരിഹസിക്കുകയും ചെയ്തിരുന്നു.എസ്.ഡി.പിഐയുടെ വോട്ട് വേണ്ടെന്ന് അസന്നിഗ്ദ്ധമായി പറയേണ്ട കാര്യമില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രതികരണം. വി. ശിവൻകുട്ടി എസ്.ഡി.പി.ഐ നേതാക്കളുമായി ചർച്ച നടത്തിയതായി തനിക്കറിയില്ലെന്ന് പറഞ്ഞ അദ്ദേഹം, ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തയ്യാറാകുമോ എന്നും ചോദിച്ചു.

മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യു ധീരനായ കമ്യൂണിസ്റ്റാണ്. ആ രക്തസാക്ഷിത്വം പാർട്ടി എക്കാലവും ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും. എൽ.ഡി.എഫിന്റെ ഭാഗമായി നിൽക്കാത്ത ആരുമായും തെരഞ്ഞെടുപ്പ് ചർച്ചകൾ നടത്തിയിട്ടില്ല. എന്നാൽ, ജമാഅത്തെ ഇസ്‌ലാമിയും വെൽഫെയർ പാർട്ടിയും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും, ആ വോട്ട് വേണ്ടെന്ന് പറയാൻ വി.ഡി സതീശൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.