അന്തർസംസ്ഥാന എൽ.പി.ജി കടത്തു സംഘം പിടിയിൽ: 1.26 കോടിയുടെ വസ്തുക്കൾ പിടിച്ചെടുത്തു
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അന്തർസംസ്ഥാന എൽ.പി.ജി കടത്തു സംഘം പിടിയിൽ. ഗ്യാസ് ടാങ്കറുകളിൽനിന്ന് പാചകവാതകം മോഷ്ടിച്ച് കടത്തുന്ന സംഘമാണ് പിടിയിലായത്. ഇവരിൽനിന്ന് 1.26 കോടിയുടെ വസ്തുക്കളും പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഖോജെവാഡി ഷിവർ മേഖലയിലെ ആളോഴിഞ്ഞ സ്ഥലത്തുനിന്ന് സംഘത്തെ പിടികൂടിയത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ ഗ്യാസ് ടാങ്കറുകളിൽനിന്ന് പാചകവാതകം മോഷ്ടിച്ച് ചെറിയ സിലിണ്ടറുകളിൽ നിറക്കുമ്പോൾ ഇവരെ വിജിലൻസ് പിടികൂടുകയായിരുന്നു.
35,220 കിലോ എൽ.പി.ജി ഉൾക്കൊള്ളുന്ന രണ്ട് ടാങ്കറുകളും 26 സിലിണ്ടറുകളും സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്തു. ഇവക്ക് 1.26 കോടി വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2,480 കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാനാകുന്ന പാചകവാതകമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പാചകവാതക ക്ഷാമം തുടരുന്നതിനിടെ രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. സിലിണ്ടർ 195.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2078.50 രൂപയായി ഉയർത്തി. കൊൽക്കത്തയിൽ സിലിണ്ടറിന് 218 രൂപയാണ് വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയതിന് പിന്നാലെ മാർച്ച് ഒന്നിന് സിലിണ്ടറിന് 114.5 രൂപയാണ് വർധിപ്പിച്ചത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പാചകവാതക ക്ഷാമം തുടരുന്നതിനിടെ രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലിണ്ടറിന് 195.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2078.50 രൂപയായി ഉയർന്നു. കൊൽക്കത്തയിൽ സിലിണ്ടറിന് 218 രൂപയാണ് കൂടിയത്. പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയതിന് പിന്നാലെ മാർച്ച് ഒന്നിന് സിലിണ്ടറിന് 114.5 രൂപ വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. മാർച്ച് ആദ്യം ഗാർഹിക സിലിണ്ടറിന്റെ വില 60 രൂപ കൂട്ടിയിരുന്നു. നിലവിൽ ഡൽഹിയിൽ 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് 913 രൂപയാണ് വില. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മറ്റു വ്യാവസായ സ്ഥാപനങ്ങൾ തുടങ്ങിയവയെ വിലവർധന ബാധിക്കും. പാചകവാതക ക്ഷാമം ബാധിച്ചതും രാജ്യത്തെ ഹോട്ടലുകളെയും റസ്റ്ററന്റുകളെയുമായിരുന്നു. ഗ്യാസിന് വില കൂടുകയും ക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെ ഹോട്ടലുകൾ ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കുകയും മെനു വെട്ടിച്ചുരുക്കുകയും ചെയ്തു.
അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരവും വിനിമയ നിരക്കിന്റെയും അടിസ്ഥാനത്തിലാണ് എല്ലാ മാസവും ഒന്നാം തീയതി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ഇന്ധന വില പരിഷ്കരിക്കുന്നത്. പശ്ചിമേഷ്യയിലെ പ്രതിസന്ധി ഊർജ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതിന് പിന്നാലെ ആഗോള എണ്ണവില ഏകദേശം 50 ശതമാനത്തിലധികം വർധിച്ചിരുന്നു. ഡൽഹി പോലുള്ള പ്രധാന നഗരങ്ങളിൽ ഓൺലൈനിൽ ബുക്ക് ചെയ്ത് ദിവസങ്ങൾക്ക് ശേഷവും സിലിണ്ടർ ലഭിക്കാത്ത സാഹചര്യമുണ്ട്. പലയിടത്തും സിലിണ്ടറിന്റെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപകമാണ്. കഴിഞ്ഞദിവസം ഹൈദരാബാദിൽ കരിഞ്ചന്തയിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന 414 എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തിരുന്നു.
