ഉപമുഖ്യമന്ത്രി പദവിക്ക് ലീഗിന് അർഹതയുണ്ട്, ഇപ്പോൾ അവകാശവാദം ഉന്നയിക്കില്ല -മുനവറലി തങ്ങൾ
കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി പദവിക്ക് ലീഗിന് അർഹതയുണ്ടെന്നും എന്നാൽ ഇപ്പോൾ അവകാശ വാദം ഉന്നയിക്കുന്നില്ല എന്നും പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. യു.ഡി.എഫിന് ഭൂരപക്ഷം ലഭിക്കുകയാണെങ്കിൽ ഉപമുഖ്യമന്ത്രി പദവിക്ക് ലീഗ് അവകാശ വാദം ഉന്നയിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അർഹതയുണ്ട്. സി.എച്ച് മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഉപ മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇപ്പോൾ അവകാശ വാദം ഉന്നയിക്കുന്നില്ല. എന്നാൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ സ്ഥാനം ആവശ്യപ്പെടുമോ എന്ന് പറയാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ സ്ഥാനാർഥികൾ മതം പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ലെന്നാണ് കരുതുന്നത്. മതം പറഞ്ഞ് വോട്ട് വാങ്ങുന്നത് നമ്മുടെ സമീപനമല്ല. അത് നമ്മുടെ പ്രത്യയശാസ്ത്രത്തിനെതിരാണ്. അങ്ങനെയുണ്ടെങ്കില്‍ അത് അന്വേഷിക്കും. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യു.ഡി.എഫ് അധികാരത്തില്‍ വരണം എന്നതാണ് ലക്ഷ്യമെന്നും അതിന് ശേഷം കോണ്‍ഗ്രസാണ് മുന്നണിയുമായി ആലോച്ച് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടതെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി എന്ന് വിശ്വസിക്കുന്നില്ലെന്നും എല്ലാ വോട്ടുകളും യു.ഡി.എഫിന് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് ലീഗ് ആണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഭരണം കിട്ടിയാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നല്‍കാന്‍ ഡീൽ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ, രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാമെന്നും ആയിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയിലെ കാര്യം നോക്കട്ടെ. ഇങ്ങോട്ട് രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട. ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാം. എന്താണ് രാജീവ് ചന്ദ്രശേഖറിന്‍റെ രാഷ്ട്രീയ പാരമ്പര്യം എന്ന് ചോദിച്ച അദ്ദേഹം കേരളത്തിലേക്ക് നൂലിൽ കെട്ടി ഇറക്കിയത് അല്ലേ എന്നും പരിഹസിച്ചിരുന്നു.
