രോഗികളെ സന്ദർശിച്ചും സുഹൃത്തിനെ കണ്ടും പിണറായി;വാർത്തസമ്മേളനവും ഗുരുവായൂർ ദർശനവുമായി സതീശൻ
കണ്ണൂർ: സംസ്ഥാനമാകെ മൂന്നാഴ്ചയിലധികം നീണ്ട ഓട്ടപ്പാച്ചിലിനുശേഷം വെള്ളിയാഴ്ച പൂർണമായി വീട്ടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യമായ തിരക്കുകൾ ഇല്ലാത്തതിനാൽ രോഗികളായ പാർട്ടി പ്രവർത്തകരെ അദ്ദേഹം സന്ദർശിച്ചു. പഴയ സുഹൃത്തിന്റെ വീട്ടിലും പിണറായി വിജയനെത്തി. ഒരുമരണവീടും സന്ദർശിച്ചു.
ധർമടം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അണ്ടല്ലൂരിലെ പുരപ്പാടി രമേശന്റെ വീട്ടിലാണ് പിണറായി ആദ്യമെത്തിയത്. അസുഖബാധിതനായി വീട്ടിൽ വിശ്രമിക്കുന്ന ഇദ്ദേഹത്തിനൊപ്പം ഏറെനേരം ചെലവഴിച്ചു. അണ്ടല്ലൂരിലെ പൂവാടൻ പ്രകാശൻ മന്ദിരത്തിനു സമീപത്തെ കേണൽ ഭരതന്റെ വീട്ടിലും പിണറായി എത്തി. അസുഖ ബാധിതനായി വീട്ടിൽ വിശ്രമിക്കുന്നയാളാണ് ഇദ്ദേഹവും. അണ്ടല്ലൂരിലെ തട്ടാരിമുക്കിൽ കഴിഞ്ഞ ദിവസം മരിച്ച മാധവന്റെ വീടും സന്ദർശിച്ചു. ബ്രണ്ണൻ കോളജിലെ പഴയ സഹപാഠി പ്രഫ. കെ. ജനാർദനനെ കാണാനും മുഖ്യമന്ത്രിയെത്തി. പഴയകാല കഥകൾ പറഞ്ഞ് ഏറെനേരം ചെലവഴിച്ചാണ് മടങ്ങിയത്. തുടർന്ന് പിണറായിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം ഉച്ചഭക്ഷണം. ഭാര്യയും മകളും മകനും മരുമകളുമാണ് വീട്ടിലുള്ളത്. ഉച്ചക്കുശേഷം പ്രദേശത്തെ പാർട്ടി പ്രവർത്തകർ പിണറായിയെ കാണാനെത്തി. ശനിയാഴ്ചയും ഇദ്ദേഹം വീട്ടിലുണ്ടാകും. ഞായറാഴ്ച തിരുവനന്തപുരത്തേക്ക് മടങ്ങും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വെള്ളിയാഴ്ച കൂടുതൽ സമയവും വീട്ടിൽതന്നെ ചെലവഴിച്ചു. രാവിലെ വന്നുകണ്ട മാധ്യമപ്രവർത്തകരോട് തെരഞ്ഞെടുപ്പ് വിശേഷങ്ങളും പ്രതീക്ഷകളും പങ്കുവെച്ചു. യു.ഡി.എഫ് 100 സീറ്റ് കരസ്ഥമാക്കി അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം അദ്ദേഹം ആവർത്തിച്ചു. പിന്നീട് പറവൂരിൽനിന്നെത്തിയ പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും തെരഞ്ഞെടുപ്പ് അവലോകനം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കളുടെയും സ്ഥാനാർഥികളുടെയും ഫോൺ വിളികൾക്ക് മറുപടി നൽകി. ഉച്ചഭക്ഷണശേഷം ഗുരുവായൂർ ക്ഷേത്രദർശനത്തിനായി കുടുംബ സമേതം യാത്ര തിരിച്ചു.
