മദ്യലഹരിയിൽ മകളെ ക്രൂരമായി മർദ്ദിച്ചു; സഹികെട്ട പിതാവ് മരുമകനെ വെട്ടി വീഴ്ത്തി



വെള്ളറട: മദ്യലഹരിയിൽ മകളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മരുമകനെ വെട്ടി വീഴ്ത്തി ഭാര്യ പിതാവ്. വെള്ളറട പൊലീസ് പരിധിയിലുള്ള കൂട്ടപ്പൂവിലാണ് സംഭവം. കൂട്ടപ്പു ചരിവുവിള സോജീ ഭാവനിൽ ദാസ്. റ്റി (61) ആണ് മരുമകൻ പത്തുകാണി കടയാറ വീട്ടിൽ മോജോ (30) യെ വെട്ടി വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ മോജോയെ ഭാര്യയും നാട്ടുകാരും ചേർന്ന് കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം.

മകളെ ക്രൂരമായി ആക്രമിക്കുന്നത് സ്ഥിരമായി കാണാറുള്ള ദാസ് നിരവധി തവണ മോജോക്ക് താക്കീത് നൽകിയിരുന്നു. എന്നാൽ അതൊന്നും വകവെക്കാതെ മർദ്ദനം തുടരുകയായിരുന്നു മോജോയെ പിതാവ് ദാസ് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. മോജോയുടെ ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ദാസ് രക്ഷപ്പെട്ടു. കൂട്ടപ്പൂവിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ ആറുകാണിയിൽ പോയി തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ദാസിന്റെ ശ്രമത്തിനിടെ സർക്കിൾ ഇൻസ്‌പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ. പ്രദീഷ് കുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ദീപു, വിഷ്ണു, സതീഷ്, ഷാജി, ജിജു എന്നിവർ വിദഗ്ധമായി അതിർത്ഥിയിൽ നിന്നും ദാസിനെ പിടികൂടി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ചികിത്സയിൽ കഴിയുന്ന മോജോ. അതേസമയം മോജോയെ വെട്ടി വീഴ്ത്തിയ ദാസും ചില്ലറക്കാരനല്ല. ദാസിനെതിരെയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.