മുഖ്യമന്ത്രി എറണാകുളത്തുനിന്ന്: തീരുമാനിക്കുന്നത് ഹൈക്കമാൻഡ്, നിലപാടിൽ മലക്കം മറിഞ്ഞ് മുഹമ്മദ് ഷിയാസ്
കൊച്ചി: യു.ഡി.എഫ് ഭരണത്തിൽ വന്നാൽ മുഖ്യമന്ത്രി എറണാകുളത്തുനിന്ന് വേണമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡാണ്. ആ രീതികൾ തുടരുമെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. കോൺഗ്രസിലും യു.ഡി.എഫിലും തർക്കങ്ങളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തെ അതിജീവിക്കും.
സി.പി.എമ്മിന് ആർ.എസ്.എസ് വോട്ട് മറിച്ചു. ഡീലിന് ചുക്കാൻ പിടിച്ചത് ചില മധ്യവർത്തികളാണ്. കേരളത്തിലും കേന്ദ്രത്തിലും ഒരേപോലെ സ്വാധീനമുള്ള മധ്യവർത്തികളാണിത്. ബി.ജെ.പി 20 ട്വന്റിക്ക് സീറ്റ് വാരിക്കോരി നൽകിയത് ഡീലിന്റെ ഭാഗമായാണ്. കോൺഗ്രസിനേയും യു.ഡി.എഫിനേയും ഇത് ബാധിക്കില്ലെന്നും എറണാകുളം ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. അതേസമയം, യു.ഡി.എഫ് ഭരണത്തിൽ വന്നാൽ മുഖ്യമന്ത്രി എറണാകുളത്ത് നിന്നാകുമെന്ന ഷിയാസിന്റെ മുൻ പ്രസ്താവനയെ മറ്റു നേതാക്കൾ തള്ളിയിരുന്നു. കേരളത്തിന് വേണ്ടത് വി.ഡി. സതീശന്റെ പ്രവര്‍ത്തന രീതിയാണെന്നും ഷിയാസ് പറഞ്ഞിരുന്നു. അഭിപ്രായ പ്രകടനത്തിന് പിന്നാലെ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ഷിയാസിന്റെ അഭിപ്രായത്തെ തള്ളി രംഗത്തെത്തിയിരുന്നു.
പാലക്കാട് യു.ഡി.എഫ് ഏഴ് സീറ്റുകൾ പിടിക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. പാലക്കാട് മണ്ഡലത്തിൽ വിജയ സാധ്യതയില്ലെന്നാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. വോട്ടെണ്ണും മുമ്പേ കോൺഗ്രസ് വിജയിച്ചുവെന്ന് സി.പി.എം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് സി.പി.എമ്മിന് ഗതികേടാണെന്നും ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജൻസിയായി പാലക്കാട്ടെ സി.പി.എം മാറിയെന്നും വി.കെ. ശ്രീകണ്ഠൻ വിമർശിച്ചു. ആര് മുഖ്യമന്ത്രിയാകണമെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാകാൻ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും യോഗ്യരാണെന്നും മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും വി.കെ. ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ അറിയപ്പെടുന്ന ശക്തനായ നേതാവാണ് കെ.സി. വേണുഗോപാൽ. രമേശ് ചെന്നിത്തല കേരള സമൂഹത്തിന് ഇഷ്ടപ്പെട്ട നേതാവാണ്. അതുപോലെയാണ് വി.ഡി. സതീശനും. കോണ്‍ഗ്രസിന് ഒരുപാട് നേതാക്കന്മാരുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ട സമയത്ത് നേതൃത്വം തീരുമാനിക്കും. മുഖ്യമന്ത്രി ചർച്ച കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. എറണാകുളത്തുനിന്ന് മുഖ്യമന്ത്രിയെ വേണമെന്ന മുഹമ്മദ് ഷിയാസിന്റെ അഭിപ്രായം വ്യക്തിപരമായ ആഗ്രഹമാണെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. പൊതുസമൂഹം വി.ഡി. സതീശനെ രാഷ്ട്രീയ വനവാസത്തിന് അയക്കില്ല. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അജണ്ട നടപ്പാവില്ലെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
