വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ കർശന നടപടി; തോൽവി ഒഴിവാക്കാൻ 5 മുതൽ 9 വരെ ക്ലാസുകളിൽ പുനപരീക്ഷ



സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 5 മുതൽ 9 വരെയുള്ള ക്ലാസുകളിൽ ഈ വർഷം മുതൽ ‘സേ’ പരീക്ഷാ മാതൃകയിലുള്ള പുനപരീക്ഷ നടപ്പിലാക്കാൻ വിദ്യാഭ്യാസ നിലവാര സമിതി ക്യൂ.ഐ.പി തീരുമാനിച്ചു. വാർഷിക പരീക്ഷയിൽ നിശ്ചിത ശതമാനം 30 ശതമാനം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികൾക്കായാണ് ഈ പ്രത്യേക പരീക്ഷ സംഘടിപ്പിക്കുന്നത്. ഈ മാസം 28 മുതൽ 30 വരെയുള്ള തിയതികളിലായിരിക്കും പരീക്ഷ നടക്കുക.

പരീക്ഷക്ക് മുന്നോടിയായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പഠന പിന്തുണ ഉറപ്പാക്കാനും നിർദേശമുണ്ട്. മൂല്യനിർണ്ണയം വേഗത്തിൽ പൂർത്തിയാക്കി, കുറഞ്ഞ മാർക്ക് ലഭിച്ച കുട്ടികൾക്ക് ഏപ്രിൽ 20 മുതൽ 27 വരെ അതത് സ്കൂളുകളിൽ അധ്യാപകർ പ്രത്യേക പരിശീലനം നൽകണം. ഈ പുനപരീക്ഷ കൂടി പൂർത്തിയാക്കിയ ശേഷം മേയ് രണ്ടിന് സ്കൂളുകളിലെ വാർഷിക പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.

അടിസ്ഥാനപരമായ വായനയും എഴുത്തും വശമില്ലാത്ത കുട്ടികൾ പോലും പത്താം ക്ലാസിൽ ഉയർന്ന ഗ്രേഡുകൾ നേടുന്നു എന്ന വ്യാപകമായ വിമർശനത്തെത്തുടർന്നാണ് മിനിമം മാർക്ക് നിബന്ധന കർശനമാക്കിയത്. കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസിലും ഈ വർഷം ഒൻപതാം ക്ലാസിലും ഈ പരിഷ്കാരം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ വിപുലീകരണമെന്ന നിലയിലാണ് ഇപ്പോൾ അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് പുനപരീക്ഷാ സൗകര്യം ലഭ്യമാക്കുന്നത്.