കാസർകോട് മണ്ഡലത്തിൽ ബി.ജെ.പിക്ക് വിജയ സാധ്യതയെന്ന് സി.പി.എം വിലയിരുത്തൽ; എൽ.ഡി.എഫ് രണ്ടാം സ്ഥാനത്തെത്തും
കോഴിക്കോട്: കാസർകോട് മണ്ഡലത്തിൽ ബി.ജെ.പിക്ക് വിജയസാധ്യതയെന്ന് സി.പി.എം വിലയിരുത്തൽ. എൽ.ഡി.എഫ് സ്ഥാനാർഥി ഷാനവാസ് പാദൂരിന് 50,000 വോട്ട് ലഭിക്കുമെന്നാണ് സി.പി.എം മണ്ഡലം കമ്മിറ്റി ജില്ല കമ്മിറ്റിക്ക് നൽകിയ കണക്ക്. പുതിയ സാഹചര്യത്തിൽ, ബി.ജെ.പി ഒന്നാം സ്ഥാനത്തും എൽ.ഡി.എഫ് രണ്ടാം സ്ഥാനത്തേക്കും എന്ന നിലയിലേക്ക് കാസർകോട്ടെ മത്സരം മാറിയതായാണ് സി.പി.എം കരുതുന്നത്.
1980 മുതലുളള എല്ലാ തെരഞ്ഞെടുപ്പുകളിലും മുസ് ലിം ലീഗ് മാത്രം വിജയിച്ച മണ്ഡലത്തിൽ ഇത്തവണ യു.ഡി.എഫിന് കാലിടറുമെന്നാണ് സി.പി.എം നിരീക്ഷണം. എൽ.ഡി.എഫിൽ ഐ.എൻ.എൽ മത്സരിച്ചിരുന്ന മണ്ഡലത്തിൽ ഇത്തവണ സ്വതന്ത്രനെ രംഗത്ത് ഇറക്കിയത് ഗുണമായെന്നും സി.പി.എം വിലയിരുത്തുന്നു. ഐ.എൻ.എൽ മത്സരിച്ചപ്പോൾ പരമാവധി 28000 വോട്ടായിരുന്നു സമാഹരിക്കാനായത്.
ഇത്തവണ ഷാനവാസ് പാദൂർ 50000 വോട്ട് പിടിക്കുമെന്നും കണക്ക് കൂട്ടുന്നു. എൽ.ഡി.എഫ് വോട്ട് പിടിക്കുന്നത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്നാകുമെന്നും ഇത് ബി.ജെ.പിയുടെ സ്ഥാനാർഥി എം.എൽ. അശ്വിനിയുടെ വിജയസാധ്യത കൂട്ടുമെന്നുമാണ് മണ്ഡലം കമ്മിറ്റിയുടെ നിരീക്ഷണം. കാലങ്ങളായി ഏറെ പിന്നിലായി മൂന്നാം സ്ഥാനത്തെത്താറുള്ള എൽ.ഡി.എഫ് ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയെ ഇറക്കിയത് മണ്ഡലത്തിൽ പാർട്ടി സജീവമാവുന്നതിന് കാരണമാവുമെന്നാണ് സി.പി.എം വിലയിരുത്തൽ.
മൂന്നുവിഭാഗമായി തിരിച്ചാണ് ഇത്തവണ എൽ.ഡി.എഫ് കണക്കെടുപ്പ് നടത്തിയത്. സി.പി.എം കമ്മിറ്റികളാണ് പ്രധാനമായും കണക്കെടുപ്പ് നടത്തിയത്. പാർട്ടി അംഗങ്ങൾ, ഗ്രൂപ്പ് കമ്മിറ്റി അംഗങ്ങൾ, വർഗബഹുജനസംഘടനാ ഭാരവാഹികൾ, വിശ്വസ്തരായ അനുഭാവികൾ എന്നിവരുടെ വോട്ടുകൾ, ഇടതുമുന്നണിക്ക് വോട്ടുചെയ്യാൻ സാധ്യതയുള്ള പൊതുജനങ്ങൾ, സ്ഥാനാർഥിയുടെ മികവിലൂടെ വ്യക്തിപരമായി ആർജിക്കുന്ന വോട്ടുകൾ എന്നിങ്ങനെ തരംതിരിച്ചാണ് കണക്കെടുപ്പ് നടത്തിയത്.
