ചിക്കുൻഗുനിയ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്



കൊച്ചി: ജില്ലയിൽ കുന്നുകര, ചെങ്ങമനാട് എന്നിവിടങ്ങളിൽ ചിക്കുൻഗുനിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു. ഇതുവരെ ഒമ്പത് സ്ഥിരീകരിച്ച കേസുകളും 19 സംശയിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്തു.

കുന്നുകര പഞ്ചായത്തിൽ 24 (സ്ഥിരീകരിച്ചത് -ആറ്, സംശയിക്കുന്നത് -18), ചെങ്ങമനാട് നാല് (സ്ഥിരീകരിച്ചത് -മൂന്ന്, സംശയിക്കുന്നത് -ഒന്ന്) കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിത പ്രദേശങ്ങളിൽ പ്രതിരോധ-നിയന്ത്രണ-ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരുന്നു.

പെട്ടെന്നുള്ള കഠിനമായ പനി, സന്ധികളിൽ (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽ മുട്ടുകൾ) വീക്കം, അതികഠിനമായ വേദന, പേശിവേദന, തലവേദന, ക്ഷീണം, ചിലരിൽ ചർമത്തിൽ തടിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണം. സ്വയം ചികിത്സ ഒഴിവാക്കണം.

പകൽ വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലക്കുള്ളിൽ ആയിരിക്കണം. നന്നായി വെള്ളം കുടിക്കുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും വേണമെന്നും ഡി.എം.ഒ അറിയിച്ചു.