കെ.സിയിലേക്ക് കെ. സുധാകരന്റെ ചുവടുമാറ്റം: ഒറ്റവാക്കിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല



ആലപ്പുഴ: കേരളത്തിലെ 140 മണ്ഡലങ്ങളിലെയും ​വോട്ട് പെട്ടിയിൽ നിന്ന് പുറത്തെടുത്തില്ലെങ്കിലും മുഖ്യമ​ന്ത്രി ആരാകു​മെന്ന വിവാദം കുടംതുറന്ന് പുറത്തിറങ്ങിയിട്ട് ഏറെ നാളായി. തെരഞ്ഞെടുപ്പിന് മുമ്പുവരെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന് അഭിപ്രായപ്പെട്ട മുൻ ​കെ.പി.സി.സി പ്രസിഡന്റ് ​കെ. സുധാകരൻ, ഇന്ന​ലെ ആ അഭിപ്രായം മാറ്റി. കെ.സി. വേണുഗോപാൽ കേരളത്തെ നയിക്കണമെന്നാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ ആവശ്യ​പ്പെട്ടത്.

ഈ കാലുമാറ്റത്തെ കുറിച്ച് ചോദിച്ചപ്പോൾ, ഒറ്റവാക്കിൽ ഉത്തരവും ഒരു ചിരിയും സമ്മാനിച്ച് ചെന്നിത്തല ഒഴിഞ്ഞുമാറി. ‘അങ്ങ് മുഖ്യമന്ത്രി ആവണമെന്ന് പരസ്യമായി പറഞ്ഞ കെ സുധാകരൻ, ഇപ്പോൾ നിലപാട് മാറിയതിനെ എങ്ങനെ കാണുന്നു?’ -എന്ന മാധ്യമപ്രവർത്തകരുടെ ചേദ്യത്തിന് ‘സുധാകരൻ എന്റെ നല്ല സുഹൃത്താണ്’ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

‘ഞാൻ സോഷ്യൽ മീഡിയയിൽ ഒരുതരത്തിലും എനിക്ക് അനുകൂലമായിട്ടോ മറ്റുള്ളവർക്കെതിരായിട്ടോ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് എനിക്ക് പറയാൻ കഴിയും, ഇത് അനാവശ്യ വിവാദമാണ് ഈ വിവാദത്തിന് ഒരു അർത്ഥവുമില്ല. അത് നമ്മളെ വോട്ട് ചെയ്ത, നമ്മളെ വിജയിപ്പിക്കാൻ കാത്തിരിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യത്തെ കെടുത്താൻ മാത്രമേ സഹായിക്കുകയുള്ളൂ. അതുകൊണ്ട് ഇത്തരം വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കണം’ -മുഖ്യമന്ത്രിത്തർക്കത്തിൽ ചെന്നിത്തല നിലപാട് വ്യക്തമാക്കി.

വി.ഡി സതീശൻ, കെ.സി വേണുഗോപാൽ എന്നീ രണ്ടു പേരുകളിലേക്ക് മാത്രം സോഷ്യൽ മീഡിയയിലെ ചർച്ചകൾ പോകുകയാണെന്നും അങ്ങയുടെ പേര് ഇതിലേക്ക് വരാത്തത് ബോധപൂർവ്വമാണെന്ന് കരുതുന്നുണ്ടോ എന്നും ചോിച്ചപ്പോൾ ’അത്തരം വിവാദങ്ങളിൽ എനിക്ക് താല്പര്യമില്ല’ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

‘സോഷ്യൽ മീഡിയയിൽ അല്ലല്ലോ കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. അതിനൊരു സംവിധാനം ഉണ്ടല്ലോ. കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതും ഗവൺമെന്റ് ഉണ്ടാക്കുന്നതും. അതിന് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളുണ്ട്. അത് ആ സമയത്ത് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യമാണ്. അതിനു മുമ്പ് നമ്മൾ ആരും വിവാദങ്ങൾ ഉണ്ടാക്കുന്നത് ശരിയല്ല. ഞാൻ അടക്കം ആരും വിവാദമാക്കരുത് എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് തന്നെയാണ് ഞാൻ അത്തരം വിവാദങ്ങളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നത്’ -അദ്ദേഹം പറഞ്ഞു.

കാമ്പയിന് ആസൂത്രിത സ്വഭാവം ഉണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, അത്തരത്തിലുള്ള ഒരു വിവാദത്തിനും ഒരു പ്രസക്തിയുമില്ലെന്ന് അ​ദ്ദേഹം വ്യക്തമാക്കി. ‘അത് ജനങ്ങൾക്കും പ്രവർത്തകർക്കും ദുഃഖം ഉണ്ടാക്കുന്ന കാര്യമാണ്. അത് ഉണ്ടാകരുത് എന്നാണ് എന്റെ അഭിപ്രായം. ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈ കമാൻഡ് ആണ്. തെരഞ്ഞെടുപ്പ് റിസൾട്ട് വന്നാൽ അതിനനുസരിച്ചുള്ള തീരുമാനം അവർ എടുക്കും. അതെല്ലാവരും അംഗീകരിക്കും. അതാണ് കോൺഗ്രസിലെ കീഴ്വഴക്കം. അല്ല എല്ലാ വിവാദങ്ങളും ഒഴിവാക്കണം എന്നുള്ള ഒറ്റവാചകമാണ് എനിക്ക് അതിനെപ്പറ്റി എല്ലാം പറയാനുള്ളത്’ -ചെന്നിത്തല പറഞ്ഞു.