ഫുട്ബോളിൽ ഇനി ഒളിച്ചുകളി വേണ്ട, നിയമപരിഷ്കാരവുമായി ഫിഫ; വായ മൂടി സംസാരിച്ചാൽ ഇനി റെഡ് കാർഡ്, മഞ്ഞക്കാർഡ് നിയമങ്ങളിലും മാറ്റം

സൂറിച്ച്: 2026 ലോകകപ്പിൽ കളിക്കാർ തമ്മിലുള്ള തർക്കങ്ങൾക്കിടയിൽ വായ മറച്ചുപിടിച്ച് സംസാരിക്കുന്നത് ഇനി മുതൽ റെഡ് കാർഡ് ലഭിക്കാവുന്ന കുറ്റമാകും. താരങ്ങൾ വംശീയമായോ അധിക്ഷേപകരമായോ ഉള്ള പരാമർശങ്ങൾ നടത്തുന്നത് ലിപ് റീഡിങ്ങിലൂടെയോ വാർ (VAR) പരിശോധനയിലൂടെയോ കണ്ടെത്തുന്നത് തടയാൻ വായ മറച്ചുപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ കർശന നടപടി.

മൈതാനത്തെ കാമറകൾക്കും വാർ ഉദ്യോഗസ്ഥർക്കും കളിക്കാർ എന്ത് സംസാരിക്കുന്നു എന്ന് വ്യക്തമാകാതിരിക്കാൻ വേണ്ടിയാണ് പലപ്പോഴും കൈകൾ കൊണ്ട് വായ മറക്കുന്നത്. ഇനി മുതൽ ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ റെഫറിക്ക് നേരിട്ട് റെഡ് കാർഡ് നൽകി താരത്തെ പുറത്താക്കാം. മൈതാനത്തെ സുതാര്യത ഉറപ്പാക്കാനാണ് ഫിഫയുടെ ഈ നീക്കം. ഫുട്ബോളിന്റെ അന്തസ്സ് ഉയർത്തുന്നതിനൊപ്പം ആരാധകർക്ക് പ്രിയപ്പെട്ട താരങ്ങളുടെ സാന്നിധ്യം ടൂർണമെന്റിലുടനീളം ഉറപ്പാക്കാനാണ് ഈ പുതിയ നിയമങ്ങളിലൂടെ ഫിഫ ലക്ഷ്യമിടുന്നത്.

മഞ്ഞക്കാർഡ് നിയമത്തിലെ ഇളവുകൾ

അതേസമയം, കളിക്കാർക്ക് ആശ്വാസം നൽകുന്ന ചില നിയമപരിഷ്കാരങ്ങളും ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങൾ മഞ്ഞക്കാർഡ് ലഭിച്ച് ഫൈനലിൽ നിന്നും മറ്റും പുറത്താകുന്നത് തടയാൻ രണ്ട് ഘട്ടങ്ങളിലായി ഇളവുകൾ (Amnesty) നൽകും.

ഗ്രൂപ്പ് ഘട്ടത്തിന് ശേഷം: ഗ്രൂപ്പ് ഘട്ടത്തിൽ താരങ്ങൾ നേടിയ സിഗ്ൾ മഞ്ഞക്കാർഡുകൾ റൗണ്ട് ഓഫ് 32ലേക്ക് കടക്കുമ്പോൾ റദ്ദാക്കപ്പെടും. ഇതോടെ എല്ലാ താരങ്ങളും ക്ലീൻ ഷീറ്റുമായി നോക്കൗട്ട് ഘട്ടം തുടങ്ങാം.

ക്വാർട്ടർ ഫൈനലിന് ശേഷം: ക്വാർട്ടർ ഫൈനലിന് ശേഷം മഞ്ഞക്കാർഡുകൾ വീണ്ടും റദ്ദാക്കും. ഇതോടെ സെമി ഫൈനലിൽ മഞ്ഞക്കാർഡ് ലഭിക്കുന്ന ഒരു താരം റെഡ് കാർഡ് ലഭിച്ചില്ലെങ്കിൽ ഫൈനലിൽ കളിക്കുമെന്ന് ഉറപ്പാക്കാൻ സാധിക്കും.

ലോകകപ്പ് ഫൈനൽ പോലുള്ള വലിയ മത്സരങ്ങളിൽ മികച്ച താരങ്ങൾ സസ്പെൻഷൻ മൂലം പുറത്താകുന്നത് ടൂർണമെന്റിന്റെ ആവേശം കുറക്കുന്നു എന്ന നിരീക്ഷണത്തെത്തുടർന്നാണ് കാർഡ് നിയമങ്ങളിൽ മാറ്റം വരുത്തിയത്. തർക്കങ്ങളിൽ ഏർപ്പെടുമ്പോൾ താരങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറുന്നു എന്ന് ഉറപ്പാക്കാൻ പുതിയ നിയമം സഹായിക്കും. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനത്ത് നിന്ന് ഇറങ്ങിപ്പോകുന്ന താരങ്ങൾക്കും ടീം ഉദ്യോഗസ്ഥർക്കും ഇനി മുതൽ നേരിട്ട് റെഡ് കാർഡ് നൽകും. പകരക്കാരനായി ഇറങ്ങുന്ന താരം 10 സെക്കൻഡിനുള്ളിൽ മൈതാനം വിടണം. അല്ലാത്തപക്ഷം ടീം ഒരു മിനിറ്റ് നേരത്തേക്ക് 10 പേരുമായി കളിക്കേണ്ടി വരും.