പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് വിൽപ്പന; യുവാവ് പിടിയിൽ

അറസ്റ്റിലായ നിതിൻ മോഹൻദാസ്

പരപ്പനങ്ങാടി: സാമൂഹിക മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച് വിൽപ്പന നടത്തിയ പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസിനെ(25) യാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. രാമനാട്ടുകര സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് നടപടി.

സാമൂഹിക മാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അവ അശ്ലീല രൂപത്തിലാക്കി മാറ്റിയശേഷം പണം വാങ്ങി വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ വിൽക്കുകയാണ് ഇയാൾ ചെയ്തിരുന്നത് എന്ന് പരാതിയിൽ പറയുന്നു. ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെന്ന് പരാതിയിലുണ്ട്. പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച സ്ക്രീൻഷോട്ടുകളിൽ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ വ്യക്തമാണെന്നും പൊലീസ് കണ്ടെത്തി.

പ്രതിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടാമതൊരു മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ പരപ്പനങ്ങാടിയിലും മാഹിയിലും രണ്ടു പരാതികളാണ് ലഭിച്ചിട്ടുള്ളത്. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ സുഹൃത്തുക്കൾ വഴിയാണ് ഈ തട്ടിപ്പ് പുറംലോകം അറിഞ്ഞത്. ടെലിഗ്രാം ഗ്രൂപ്പിൽ സ്വന്തം സുഹൃത്തിന്റെ ചിത്രം മോർഫ് ചെയ്ത നിലയിൽ കണ്ട യുവാവ് വിവരം കൈമാറിയതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്. അഞ്ചു വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ 40 വയസ്സ് വരെയുള്ള സ്ത്രീകൾ വരെ ഇയാളുടെ ക്രൂരതക്ക് ഇരയായവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.