രാത്രി വീടുകയറി ആക്രമണം; നാലുപേർക്കെതിരെ കേസ്, പ്രതികൾ ഒളിവിൽ

പ്രതീകാത്മക ചിത്രം
എടപ്പാള്‍: വീടു കയറി ആക്രമിച്ച നാലുപേർക്കെതിരെ പൊന്നാനി പൊലീസ് കേസെടുത്തു. ചേകന്നൂര്‍ മുതുമുറ്റത്ത് പാച്ചത്ത് അബൂബക്കര്‍ മാസ്റ്ററുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി സംഘം ആക്രമണം നടത്തിയത്. പ്രതികള്‍ ഒളിവിലാണ്. ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍, അസഭ്യംപറയല്‍, ഭീഷണിപ്പെടുത്തല്‍, അന്യരുടെ ഭൂമിയില്‍ അതിക്രമിച്ചുകയറല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് മുതുമുറ്റത്ത് മുഹമ്മദ് ബഷീറും വെളിയങ്കോട് സ്വദേശികളായ അസ്ലമും പേരറിയാത്ത രണ്ടു പേരും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീകളേയും കുട്ടികളേയും ഭീഷണിപ്പെടുത്തിയത്.
രണ്ടാമത്തെ മകന് സമീറിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഓടിക്കൂടിയവര്‍ തടഞ്ഞു.
പൊന്നാനി പൊലീസില്‍ അറിയിച്ചതോടെ എസ്.ഐയും സംഘവും സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രതികള്‍ക്കുവേണ്ടി പൊന്നാനി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളില്‍ അക്രമത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
