ബുംറക്ക് ഇത് മോശം സീസൺ! ഹൈദരാബാദിനെതിരായ തകർച്ചക്ക് പിന്നാലെ പൊള്ളാർഡ് പറയുന്നു…

മുംബൈ: ഐ.പി.എൽ ചരിത്രത്തിലെ തന്റെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുംറ കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ വഴങ്ങിയ 54 റൺസ് ബുംറയുടെ ഐ.പി.എൽ കരിയറിലെ തന്നെ മൂന്നാമത്തെ ഏറ്റവും മോശം സ്പെല്ലാണ്. ഒരു വിക്കറ്റ് പോലും നേടാനാവാതെ അഞ്ച് സിക്സറുകളാണ് താരം വഴങ്ങിയത്.
ഈ സീസണിലെ എട്ട് മത്സരങ്ങളിൽ നിന്നായി വെറും രണ്ട് വിക്കറ്റുകൾ മാത്രമാണ് ബുംറയുടെ സമ്പാദ്യം. താരത്തിന്റെ കരിയർ ശരാശരികളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ പ്രകടനം ആശങ്കാജനകമാണെന്ന് മുൻ താരങ്ങൾ അഭിപ്രായപ്പെട്ടു. കരിയർ ശരാശരി 23.21 ആയിരുന്നിടത്ത് ഈ സീസണിൽ മാത്രം അത് 132 ആയി ഉയർന്നതും കരിയറിലെ ഇക്കോണമി 7.33ൽ നിന്ന് 8.80 ആയി ഉയർന്നതും താരത്തിന്റെ മോശം പ്രകടനത്തെ സൂചിപ്പിക്കുന്നു. കൂടാതെ ബുംറയുടെ ശരാശരി വേഗത 132.1 കിലോമീറ്ററായി കുറഞ്ഞതും ആരാധകരെ നിരാശരാക്കുന്നുണ്ട്. മത്സരത്തിൽ അഭിഷേക് ശർമയും ട്രാവിസ് ഹെഡും ബുംറയുടെ പന്തുകളെ അനായാസം അതിർത്തി കടത്തിയപ്പോൾ പവർപ്ലേയിൽ മാത്രമായി 32 റൺസാണ് ബുംറ വഴങ്ങിയത്. .
ജസ്പ്രീത് ബുംറയുടെ തകർച്ചയെക്കുറിച്ച് മുൻ താരങ്ങൾ നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു. ബുംറ തന്റെ പന്തുകളിൽ 44 ശതമാനവും ‘സ്ലോവർ ബോളുകൾ’ ആണ് ഉപയോഗിക്കുന്നതെന്ന് മുൻ ഇന്ത്യൻ പേസ് ബൗളർ ഇർഫാൻ പത്താൻ നിരീക്ഷിച്ചു. വേഗത കുറയുന്നതാണ് തിരിച്ചടിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിക്കറ്റുകൾ ലഭിക്കുന്നില്ല എന്നതിലുപരി, റൺസ് വിട്ടുകൊടുക്കാതെ സമ്മർദ്ദം ചെലുത്തുക എന്ന ബുംറയുടെ പതിവ് ശൈലി വാങ്കഡെ പോലുള്ള ഗ്രൗണ്ടുകളിൽ നഷ്ടമാകുന്നത് മുംബൈ ഇന്ത്യൻസിന് തിരിച്ചടിയാണെന്ന് അശ്വിൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
ബുംറക്കും തെറ്റുകൾ സംഭവിക്കാം -കിറോൺ പൊള്ളാർഡ്
മത്സരശേഷം മുംബൈ ഇന്ത്യൻസ് ബാറ്റിങ് കോച്ച് കിറോൺ പൊള്ളാർഡ് ബുംറയെ പിന്തുണച്ച് രംഗത്തെത്തി. ‘ഒരു താരം ഫോമിലല്ലെങ്കിൽ നമ്മൾ എല്ലാ വശങ്ങളും പരിശോധിക്കാറുണ്ട്. ബുംറയുടെ കാര്യത്തിലും അത് സംഭവിക്കുന്നു. വർഷങ്ങളായി അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്. ഒരു മനുഷ്യൻ എന്ന നിലയിൽ ബുംറക്കും തെറ്റുകൾ സംഭവിക്കാം. മോശം ദിവസങ്ങളോ മോശം മാസങ്ങളോ ഉണ്ടാകാം. നിലവിലെ പ്രകടനം മോശമാണെങ്കിലും മുംബൈക്കും ഇന്ത്യക്കും വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ നമ്മൾ മറക്കരുത്.’ – പൊള്ളാർഡ് പറഞ്ഞു.
