2030 ഫിഫ ലോകകപ്പ് സംപ്രേഷണാവകാശം നെറ്റ്ഫ്ലിക്സിന്, ഇന്ത്യയിലെ കാഴ്ചക്കാർ ശ്രദ്ധിക്കേണ്ടത്…

തിരുവനന്തപുരം: ആഗോള കായിക രംഗത്തെ ഡിജിറ്റൽ കാഴ്ചാനുഭവങ്ങളിൽ വൻ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് 2030-ലെ ഫിഫ പുരുഷ ലോകകപ്പിന്റെ സംപ്രേഷണാവകാശം പ്രമുഖ ഒ.ടി.ടി ഭീമന്മാരായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. കായിക ചരിത്രത്തിൽ ഇതാദ്യമായാണ് ലോകകപ്പ് പോലൊരു വമ്പൻ ഫുട്ബോൾ മാമാങ്കത്തിന്റെ സംപ്രേഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കുന്നത്. ആദ്യ ഘട്ടത്തിൽ സ്പെയിനിലും അന്തോറയിലുമാണ് നെറ്റ്ഫ്ലിക്സ് മത്സരങ്ങൾ തത്സമയം സ്ട്രീം ചെയ്യുക. ടൂർണമെന്റിലെ എല്ലാ 104 മത്സരങ്ങളും ഈ പ്രദേശങ്ങളിലെ വരിക്കാർക്ക് കാണാൻ സാധിക്കും.

പരമ്പരാഗതമായി ടെലിവിഷൻ നെറ്റ്‌വർക്കുകൾ കൈയടക്കിവെച്ചിരുന്ന ലോകകപ്പ് സംപ്രേഷണ രംഗത്തേക്ക് സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്ലിക്സ് നടത്തുന്ന ഈ കടന്നുവരവ് ഏറെ പ്രാധാന്യത്തോടെയാണ് കായിക ലോകം കാണുന്നത്. നിലവിൽ 2027, 2031 വർഷങ്ങളിലെ വനിതാ ലോകകപ്പുകളുടെ യു.എസ്, കാനഡ റീജിയണുകളിലെ സ്ട്രീമിങ് അവകാശവും നെറ്റ്ഫ്ലിക്സിനാണ് ഉള്ളത്. ഇതിനു പിന്നാലെയാണ് പുരുഷ ലോകകപ്പിന്റെ അവകാശവും തേടിയെത്തിയത്. ടെലിവിഷൻ സ്ക്രീനുകളിൽ നിന്ന് പൂർണമായും ഒ.ടി.ടി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുംവിധം കായിക മേഖലയിലുണ്ടാകുന്ന മാറ്റങ്ങളുടെ വലിയ സൂചനയാണിത്.

അതേസമയം, എല്ലാ മത്സരങ്ങളും കാണാൻ പ്രേക്ഷകർ പ്രത്യേക പണം നൽകേണ്ടതില്ലെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിട്ടുണ്ട്. സ്പെയിനിൽ ഒപ്പുവെച്ച പ്രത്യേക കരാർ പ്രകാരം ഓരോ മത്സരദിവസത്തിലും ഒരു മത്സരം വീതം ടെലിവിഷനിലൂടെ പൂർണമായും സൗജന്യമായി കാണാൻ സാധിക്കും. കൂടാതെ, സ്പെയിൻ ദേശീയ ടീം മത്സരിക്കുന്ന എല്ലാ പോരാട്ടങ്ങളും ഇരു സെമിഫൈനലുകളും കലാശപ്പോരാട്ടമായ ഫൈനലും ഒരു ദേശീയ സൗജന്യ ചാനൽ വഴി സംപ്രേഷണം ചെയ്യും. സ്പെയിനിലെ കായിക പ്രേമികൾക്ക് ലോകകപ്പ് മത്സരങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്പെയിനിലും അന്തോറയിലും മാത്രമായി നെറ്റ്ഫ്ലിക്സിന്റെ കരാർ പരിമിതപ്പെടുത്തിയതിനാൽ ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ അതത് രാജ്യങ്ങളിലെ നെറ്റ്‌വർക്കുകൾക്കായിരിക്കും സംപ്രേഷണ ചുമതല. ഫുട്ബോൾ പ്രേമികൾ ഏറെയുള്ള ഇന്ത്യയിൽ ‘സീ എന്റർടൈൻമെന്റ്’ ആണ് 2030 ലോകകപ്പിന്റെ സംപ്രേഷണാവകാശം കരസ്ഥമാക്കിയത്. ഫിഫയുമായി എട്ടിയ വിശാലമായ കരാറിന്റെ ഭാഗമായി സീയുടെ ടെലിവിഷൻ ചാനലുകളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും മത്സരങ്ങൾ ഇന്ത്യയിലെ പ്രേക്ഷകരിലേക്ക് എത്തും.

മറ്റ് പ്രമുഖ രാജ്യങ്ങളിലും വെവ്വേറെ സംപ്രേഷണ കരാറുകളാണ് നിലവിൽ വന്നിട്ടുള്ളത്. യുണൈറ്റഡ് കിങ്ഡത്തിൽ (UK) പ്രമുഖ ചാനലുകളായ ബി.ബി.സി, ഐ.ടി.വി എന്നിവർ ചേർന്നാണ് സ സൗജന്യമായി സംപ്രേഷണം ചെയ്യുക. ജർമ്മനിയിൽ ഡച്ച് ടെലികോം തങ്ങളുടെ ‘മജന്റാ ടിവി’യിലൂടെ എല്ലാ 104 മത്സരങ്ങളും തത്സമയം കാണിക്കുമ്പോൾ, ഫ്രാൻസിൽ ‘എം6’ ചാനൽ 54 മത്സരങ്ങൾ സൗജന്യമായി എത്തിക്കും. എന്നാൽ യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെയും മിഡിൽ ഈസ്റ്റ് മേഖലയിലെയും ഔദ്യോഗിക സംപ്രേഷകരെക്കുറിച്ചുള്ള സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ഫിഫ ലോകകപ്പ് ചരിത്രത്തിലെ നൂറാം വാർഷിക ആഘോഷങ്ങൾ പൂർത്തിയാകുന്ന ‘ശതാബ്ദി ലോകകപ്പ്’ എന്ന പ്രത്യേകതയും 2030 ടൂർണമെന്റിനുണ്ട്. സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായാണ് പ്രധാന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ ലോകകപ്പിന്റെ ചരിത്രപരമായ ഓർമ്മ പുതുക്കലിനായി ആദ്യത്തെ മൂന്ന് മത്സരങ്ങൾ തെക്കേ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളിലാണ് അരങ്ങേറുക.

ഇതിനൊപ്പം 2030 ലോകകപ്പ് ഫൈനൽ ഏത് സ്റ്റേഡിയത്തിൽ വെച്ച് നടത്തുമെന്ന കാര്യത്തിലും ചർച്ചകൾ സജീവമാണ്. സ്പെയിനിലെ റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയവും മൊറോക്കോയിലെ കാസാബ്ലാങ്കയിൽ നിർമ്മാണം പുരോഗമിക്കുന്ന 1,15,000 സീറ്റുകളുള്ള കിംഗ് ഹസ്സൻ രണ്ടാമൻ സ്റ്റേഡിയവുമാണ് ഫൈനൽ വേദിക്കായി മുന്നിലുള്ളത്. നെറ്റ്ഫ്ലിക്സിന്റെ ഈ പുതിയ നീക്കം വരുംദിവസങ്ങളിൽ ഡിജിറ്റൽ സ്പോർട്സ് മേഖലയിൽ കൂടുതൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.