മാനനഷ്ടക്കേസ് ഭീഷണിമുഴക്കി ശശികല; തറ രാഷ്ട്രീയ കുതന്ത്രം കാണിച്ച് പേടിപ്പിക്കേണ്ടെന്ന് ഗോപികയുടെ കുടുംബം

കൊച്ചി/പാലക്കാട്: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മരണപ്പെട്ട ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഫോണിൽ വിളിച്ചതായി കുടുംബം വ്യക്തമാക്കി. ഭീഷണിയുമായി വന്ന് ദുഃഖിതരായ കുടുംബത്തെ തറ രാഷ്ട്രീയം കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും, ആദ്യം സ്വന്തം പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകാനുമാണ് ഗോപികയുടെ പിതൃസഹോദരൻ എം.ആർ. അനിൽകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്.

അപകടത്തില്‍ മരിച്ച പെണ്‍കുട്ടികളെ ശശികല ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ അധിക്ഷേപിച്ചതിനെതിരെ കുടുംബം രംഗത്ത് വന്നിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിലുണ്ടായ ദാരുണമായ അപകടത്തെ വർഗീയവൽക്കരിക്കാനും പെൺകുട്ടികളുടെ സ്വഭാവഹത്യ നടത്താനുമാണ് ശശികല ശ്രമിക്കുന്നതെന്ന് ഗോപികയുടെ അച്ഛൻ പ്രദീപ് കുമാർ, അമ്മ സജിത, പിതൃസഹോദരൻ എം.ആർ. അനിൽകുമാർ എന്നിവർ കുറ്റപ്പെടുത്തിയിരുന്നു. “ഒരു മുസ്‍ലിം ചെറുക്കന്റെ കൂടെ എന്തിനാണ് രണ്ട് ഹിന്ദു പെൺകുട്ടികൾ പോയത് എന്ന മട്ടിലാണ് ചോദ്യങ്ങൾ. ഒരല്പം മാനുഷികമായ മര്യാദ ഞങ്ങളുടെ കുടുംബത്തോട് കാണിക്കണം,” എന്ന് കുടുംബം വേദനയോടെ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ഈ പ്രതികരണങ്ങൾക്ക് പിന്നാലെയാണ് കെ.പി. ശശികല തന്നെ നേരിട്ട് വിളിച്ച് മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അനിൽകുമാർ പുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. താൻ വാർത്ത സമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ ശശികലയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകളുടെ അടിസ്ഥാനത്തിലാണ്.

ആ പ്രചാരണങ്ങൾ വ്യാജമാണെങ്കിൽ, അത് അവസാനിപ്പിക്കാൻ ശശികലയാണ് ആദ്യം ഡി.ജി.പിക്ക് പരാതി നൽകേണ്ടതെന്ന് അനിൽകുമാർ ആവശ്യപ്പെടുന്നു. “അതിന് പകരം സന്തപ്ത കുടുംബത്തിനെതിരെ മാനനഷ്ട കേസ് എന്ന ഉമ്മാക്കി കാണിച്ച് തറ രാഷ്ട്രീയ കുതന്ത്രം ഇറക്കി പേടിപ്പിക്കണ്ട. അത്തരം പേടിയുള്ള കുടുംബമൊന്നുമല്ല എൻ്റേത്. ചെയ്യേണ്ട കാര്യം താങ്കൾ ആദ്യം ചെയ്ത് കാണിക്കണം. മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ പാലിക്കാൻ ആദ്യം പഠിക്കണം. എന്നിട്ട് മാനനഷ്ടവുമായി ഇറങ്ങുന്നതാണ് മനുഷ്യത്വം,” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നെടുമ്പാശ്ശേരി വി.ഐ.പി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായറാഴ്ച പുലർച്ചെ 1.55നായിരുന്നു നാടിനെ നടുക്കിയ അപകടം. രാത്രി 11 മണിക്ക് ജോലി കഴിഞ്ഞ ശേഷം സുഹൃത്തുക്കൾക്കൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമെത്തി ഭക്ഷണം കഴിച്ച് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന വിദ്യാർഥിനികൾക്ക് പിന്നിൽ അമിതവേഗതയിൽ വന്ന മിനി കൂപ്പർ കാറിടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് തട്ടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവർ സുഹൈൽ സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ കേസിൽ പ്രതികളെ രക്ഷിക്കാൻ വലിയ തോതിൽ സാമ്പത്തിക സ്വാധീനവും ഉന്നതതല ഇടപെടലുകളും നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവും കുടുംബം തുടക്കം മുതലേ ഉന്നയിക്കുന്നുണ്ട്. നീതിക്കായുള്ള നിയമപോരാട്ടത്തിനൊപ്പം ഇത്തരം അപവാദ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി നേരിടുമെന്ന നിലപാടിലാണ് ഗോപികയുടെ കുടുംബം.