വർണക്കാഴ്ചയായി തട്ടാന്‍ പെട്ടി വരവ്; കൊണ്ടോട്ടി നേര്‍ച്ചക്ക് പരിസമാപ്തി

കൊണ്ടോട്ടി: മതമൈത്രിയും നാടിന്റെ ഐക്യവും മാതൃക തീര്‍ത്ത കൊണ്ടോട്ടി നേര്‍ച്ചക്ക് ചന്ദനമെടുക്കല്‍ കർമത്തോടെ പരിസമാപ്തി. ബുധനാഴ്ച രാവിലെ 10 ഓടെയെത്തിയ സ്വാമിയാര് മഠം തട്ടാന്‍ പെട്ടി വരവോടെയാണ് നാലു ദിവസം നീണ്ട ചരിത്രപ്രസിദ്ധമായ കൊണ്ടോട്ടി നേര്‍ച്ചയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ സമാപന ഘട്ടത്തിലേക്ക് നീങ്ങിയത്. വെള്ളിക്കൊടികളുമായെത്തിയ തട്ടാന്‍പെട്ടി വരവുസംഘത്തെ കുതിരപ്പുറത്തേറിയെത്തിയ തങ്ങളുടെ പ്രതിനിധി എതിരേറ്റ് മുഷ്താഖ്ഷാ വലിയ തങ്ങളുടെ ഖബറിടമായ ഖുബ്ബയിലേക്ക് ആനയിച്ചതിന് വന്‍ ജനാവലി സാക്ഷിയായി.
വാദ്യഘോഷ അകമ്പടിയോടെയായിരുന്നു അവസാന പെട്ടി വരവ്. സ്വാമിയാര് മഠത്തില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. തഖിയാവിലെ സ്ഥാനീയന് കെ.ടി. റഹ്മാന് തങ്ങളും നിയുക്ത സ്ഥാനീയന് കുഞ്ഞിമോന് തങ്ങളും മറ്റു തങ്ങള്‍ കുടുംബാംഗങ്ങളും അവകാശികളുടെ പ്രതിനിധികളും സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ചേര്‍ന്ന് സംഘത്തിന് സ്വീകരണം നല്കി. ചന്ദനവുമായെത്തിയ സംഘം പച്ചപ്പട്ടുമേന്തി തഖിയ്യയില്‍ പ്രവേശിച്ചശേഷം സ്ഥാനീയരുടെ നേതൃത്വത്തില്‍ കൊടിമരം ചുറ്റി ഖുബ്ബയിലെത്തി.
ചന്ദനം മഖ്ബറയില് തേച്ചശേഷം സില്‍സില പാരായണവും ലോകസമാധാനത്തിനുള്ള പ്രാർഥനയും നടന്നു. നേര്‍ച്ചെക്കെത്തിയവര്‍ക്കെല്ലാം മുഗള്‍ ശൈലിയില്‍ തയാറാക്കിയ മരീദയെന്ന പലഹാരവും ചീരണിയും വിതരണം ചെയ്തോടെ ഈ വര്‍ഷത്തെ നേര്‍ച്ചചടങ്ങുകള്‍ പൂര്‍ത്തിയായി. പീരങ്കിതോക്കുകള്‍ക്കു മുന്നില്‍ മൂന്നു തവണ ആചാരവെടി മുഴക്കിയായിരുന്നു സമാപനം. രണ്ടു ദിവസം നീണ്ട ആഘോഷമായ പെട്ടിവരവുകളായിരുന്നു ഇത്തവണയും നേര്‍ച്ചയുടെ മുഖ്യ ആകര്‍ഷണം. 14 വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ച നേര്ച്ചയില് പഴയ തലമുറകള്‍ക്കൊപ്പം പുതിയ തലമുറയില്‍പ്പെട്ടവരും സജീവമായി പങ്കെടുത്തു.
