ഇൻജുറി ടൈമിൽ സെൽഫ് ഗോൾ വഴങ്ങി അൽ നസ്ർ; ഡഗ്ഔട്ടിൽ നിരാശനായി ക്രിസ്റ്റ്യാനോ; പ്രോ ലീഗ് കിരീടത്തിനായി കാത്തിരിക്കണം

റിയാദ്: ആദ്യ സൗദി പ്രോ ലീഗ് കിരീടത്തിനായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനിയും കാത്തിരിക്കണം. ലീഗിലെ നിർണായക മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ അൽ ഹിലാലിനോട് ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങിയതാണ് ക്രിസ്റ്റ്യാനോയുടെ അൽ നസ്റിന് തിരിച്ചടിയായത്.
മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. 37ാം മിനിറ്റിൽ മുഹമ്മദ് സിമാകാനിലൂടെ അൽ നസ്ർ ലീഡെടുത്തു. 98ാം മിനിറ്റിൽ നസ്ർ ഗോൾകീപ്പർ ബെന്റോയുടെ പിഴവാണ് ഹിലാലിന് സമനില ഗോൾ സമ്മാനിച്ചത്. ലീഗിൽ ശേഷിക്കുന്ന മത്സരങ്ങൾ ഇരുടീമുകൾക്കും നിർണായകമാണ്. നിലവിൽ പട്ടികയിൽ തലപ്പത്തുള്ള നസ്റിന് 33 മത്സരങ്ങളിൽനിന്ന് 83 പോയന്റാണുള്ളത്. ഒരു മത്സരം ബാക്കിയുണ്ട്. ജയിച്ചാൽ ചാമ്പ്യന്മാരാകും. രണ്ടാമതുള്ള ഹിലാലിന് 32 മത്സരങ്ങളിൽനിന്ന് 78 പോയന്റുണ്ട്. ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ ജയിക്കുകയും നസ്ർ അവസാന മത്സരം തോൽക്കുകയും ചെയ്താൽ ഹിലാലിന് കിരീടം നേടാനാകും. ഈമാസം 21ന് ദാമാക് എഫ്.സിക്കെതിരെയാണ് നസ്റിന്റെ ലീഗിലെ അവസാന മത്സരം. ശനിയാഴ്ച നിയോം എസ്.സിക്കെതിരെയാണ് ഹിലാലിന്റെ അടുത്ത മത്സരം.
2023ൽ റെക്കോഡ് തുകക്ക് അൽ നസ്റിലെത്തിയ മുൻ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ് താരം റൊണാൾഡോക്ക് സൗദിയിൽ ഇതുവരെ ഒരു ആഭ്യന്തര കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. കിരീടം ഉറപ്പിച്ചിരിക്കെയാണ് അവസാന മിനിറ്റിൽ അപ്രതീക്ഷിത സെൽഫ് ഗോളിലൂടെ ടീം വിജയം കൈവിട്ടത്. ഒരു ലോങ് ത്രോ തടയുന്നതിൽ ഗോൾകീപ്പർ ബെന്റോക്ക് പിഴച്ചു, പന്ത് വലയിൽ. നസ്ർ താരങ്ങൾ തലയിൽ കെവെച്ചിരുന്നു. ഈ സമയം ഡഗ് ഔട്ടിലുണ്ടായിരുന്ന ക്രിസ്റ്റ്യാനോയും കടുത്ത നിരാശയിലായി. 83ാം മിനിറ്റിലാണ് താരത്തെ പിൻവലിച്ചത്.
“സ്വപ്നം അരികിലുണ്ട്. ആത്മവിശ്വാസത്തോടെയിരിക്കൂ, നമുക്ക് ഒരു ചുവട് കൂടി മുന്നോട്ട് വെക്കാനുണ്ട്! ഈ രാത്രിയിലെ മികച്ച പിന്തുണക്ക് എല്ലാവർക്കും നന്ദി!” -മത്സരശേഷം ക്രിസ്റ്റ്യാനോ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
