മിന്നലായി വൈഭവ് (38 പന്തിൽ 93), രാജസ്ഥാന് വമ്പൻ ജയം, പ്ലേ ഓഫിനരികെ

ജയ്പുർ: ഐ.പി.എല്ലിൽ പ്ലേ ഓഫ് സാധ്യത സജീവമാക്കി രാജസ്ഥാൻ റോയൽസ്. ലഖ്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാന് ഏഴു വിക്കറ്റിന്റെ വമ്പൻ ജയം. ലഖ്നോവിന്റെ റൺമല അഞ്ചു പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത് ലഖ്നോ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. 14 പോയന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് രാജസ്ഥാൻ. 0.083 നെറ്റ് റൺറേറ്റുള്ള രാജസ്ഥാന് അടുത്ത മത്സരം ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം.
കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. 38 പന്തിൽ 10 സിക്സും ഏഴു ഫോറുമടക്കം 93 റൺസെടുത്തു. ധ്രുവ് ജുറേൽ 38 പന്തിൽ 53 റൺസുമായി പുറത്താകാതെ നിന്നു. യശസ്വി ജയ്സ്വാൾ (23 പന്തിൽ 43), ലുവാൻ ഡേ പ്രിട്ടോറിയസ് (ആറു പന്തിൽ ഏഴ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഡോനോവൻ ഫെറേറ 10 പന്തിൽ 16 റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്ത ജയ്സ്വാൾ-വൈഭവ് സഖ്യം രാജസ്ഥാനു മികച്ച തുടക്കമാണു നൽകിയത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നോ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 220 റൺസെടുത്തു. 11 ഫോറും അഞ്ച് സിക്സുമടക്കം 57 പന്തിൽ 96 റൺസ് നേടിയ ഓപ്പണർ മിച്ചൽ മാർഷാണ് ടീം സ്കോർ 200 കടത്തിയത്. മറ്റൊരു ഓപണർ ജോഷ് ഇംഗ്ലിസ് 29 പന്തിൽ 60 റൺസടിച്ചു.
ഒന്നാം വിക്കറ്റിൽ മാർഷ്-ഇംഗ്ലിസ് സഖ്യം എട്ട് ഓവറിൽ സ്കോർ 100 കടത്തി. 23 പന്തിലായിരുന്നു ഇംഗ്ലിസിന്റെ ഫിഫ്റ്റി. ഒമ്പതാം ഓവറിൽ താരത്തെ യാഷ് രാജ് പുഞ്ച ബൗൾഡാക്കി. 25 പന്തിൽ മാർഷും 50ലെത്തി. ഇതിനിടെ 16 റൺസെടുത്ത നിക്കോളാസ് പുരാനെയും പുഞ്ച മടക്കി. നായകൻ ഋഷഭ് പന്തിനെ (23 പന്തിൽ 35) കൂട്ടിന് നിർത്തി മാർഷ് നടത്തിയ വെടിക്കെട്ട് സ്കോർ 200ന് മുകളിലെത്തിച്ചു. ജോഫ്ര ആർച്ചർ എറിഞ്ഞ അവസാന ഓവറിൽ പന്തും റണ്ണൗട്ടായി. ആറാം പന്തിൽ ആയുഷ് ബദോനിയെ ഗോൾഡൻ ഡക്കാക്കി ആർച്ചർ.
ഒരു സീറ്റിനായി അഞ്ച് കൂട്ടർ
ന്യൂഡൽഹി: ഐ.പി.എൽ പ്ലേ ഓഫിലേക്ക് ഇതിനകം മൂന്ന് ടീമുകൾ ടിക്കറ്റെടുത്തു. 13 വീതം മത്സരങ്ങൾ പൂർത്തിയാക്കിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും (18) ഗുജറാത്ത് ടൈറ്റൻസും (16) സൺ റൈസേഴ്സ് ഹൈദരാബാദും (16) ആണ് കടന്നത്. ശേഷിക്കുന്നത് ഒരു ബെർത്താണ്.
അതിനായി അഞ്ച് ടീമുകൾ രംഗത്തുണ്ട്. പഞ്ചാബ് കിങ്സ് (13), രാജസ്ഥാൻ റോയൽസ് (12), ചെന്നൈ സൂപ്പർ കിങ്സ് (12), ഡൽഹി കാപിറ്റൽസ് (12), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (11) എന്നിവരാണവർ. കൊൽക്കത്തക്ക് രണ്ടും മറ്റുള്ളവർക്ക് ഓരോ മത്സരങ്ങളുമാണ് ബാക്കി.
