കളിക്കിടെ ഗാലറിയിൽനിന്ന് ‘​മിസൈൽ ആക്രമണം’; തലക്ക് ഗുരുതര പരിക്കേറ്റ് ഡച്ച് താരം ക്ലാസൻ

ഡച്ച് കപ്പ് സെമി ഫൈനലിൽ അയാക്സ് ആംസ്റ്റർഡാം- ഫെയനൂർദ് പോരാട്ടം ചോരയിൽ മുങ്ങിയത് ഫുട്ബാൾ ലോകത്തിന് ഞെട്ടലായി. ആദ്യാവസാനം സംഘർഷം നിറഞ്ഞുനിന്ന മത്സരത്തിനിടെ അയാക്സ് താരം ഡേവി ക്ലാസന് തലക്കു ഗുരുതര പരിക്കേറ്റു. തുടങ്ങാൻ വൈകിയും ഇടക്ക് കളിനിർത്തി താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയും ടീം മാനേജർ മൈക്രോഫോണിൽ ആരാധകരെ അഭിസംബോധന ചെയ്തും ആദ്യാവസാനം മുൾമുനയിൽനിന്ന മത്സരം ആതിഥേയർക്ക് തോൽവി സമ്മാനിച്ചാണ് അവസാനിച്ചത്.

ഡച്ച് ലീഗിലെ ക്ലാസിക് അങ്കമായ അയാക്സും ഫെയനൂർദും തമ്മിലെ മത്സരം ഫെയനൂർദ് കളിമുറ്റത്തായിരുന്നു. ഏറെനേരം നീണ്ടുനിന്ന ഫെയനൂർദ് ആരാധകരുടെ വെടിക്കെട്ടിൽ മൈതാനം പുകയിൽ മൂടിയതോടെ വൈകിയാണ് ആദ്യ വിസിൽ മുഴങ്ങിയത്. 14ാം മിനിറ്റിൽ ഡുസ‘ ടാഡിച് ഗോളടിച്ച് അയാക്സിനെ മുന്നിലെത്തിച്ചു. സാന്റി​യാഗോ ഗിമെനെസിലൂടെ തിരിച്ചടിച്ച ഫെയനൂർദ് ആദ്യ പകുതി അവസാനിക്കുംമുമ്പ് ഒപ്പമെത്തി. ഇടവേള കഴിഞ്ഞ് വീണ്ടും തുടങ്ങിയ കളിയുടെ 51ാം മിനിറ്റിൽ ക്ലാസൻ നേടിയ മനോഹര ഗോളിൽ സന്ദർശകർ വീണ്ടും ലീഡ് പിടിച്ചു.

ഗോൾ ആഘോഷിക്കാൻ താരം കോർണർ ഫ്ലാഗിനരികെയെത്തിയപ്പോഴാണ് അഞ്ജാത വസ്തു തലയിൽ പതിച്ച് ചോര പൊടിഞ്ഞത്. മുറിവ് ആഴത്തിലായതിനാൽ കൂടുതൽ ശക്തിയായി ചോര വന്നതോടെ ക്ലാസനെ മാത്രമല്ല, മറ്റു താരങ്ങളെയും റഫറി പിൻവലിച്ചു. എല്ലാവരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അരമണിക്കൂർ നേരം മുടങ്ങിയ കളി പുനരാരംഭിക്കുമോ എന്ന് ആധി പടർന്നതിനൊടുവിൽ ആതിഥേയ ടീമിന്റെ അസിസ്റ്റന്റ് കോച്ച് ജോൺ ഡി വുൾഡ് മൈക്രോഫോണും കൈയിലേന്തി മൈതാനത്തെത്തി. ഇനിയൊന്നും എറിയില്ലെന്ന് ഉറപ്പുവാങ്ങിയ ശേഷം റഫറി വീണ്ടും വിസിൽ മുഴക്കി.

അപകടകരമായ വസ്തു എറിഞ്ഞ 32 കാരനെ പിന്നീട് പൊലീസ് പൊക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കളി പുനരാരംഭിച്ച് ഒരു മിനിറ്റ് കഴിഞ്ഞ് തലകറക്കം വന്ന ക്ലാസനെ പിൻവലിച്ച് പകരക്കാരനെ ഇറക്കിയാണ് പുനരാരംഭിച്ചത്. ഇരു ടീമും പിന്നീട് ഗോളടിച്ചില്ല. 2-1ന് ജയിച്ച അയാക്സ് കെ.എൻ.വി.പി കപ്പ് ഫൈനലിലെത്തി.

റോട്ടർഡാം, ആംസ്റ്റർഡാം നഗരങ്ങൾ ആസ്ഥാനമായുള്ള ഫെയനൂർദ്, അയാക്സ് ടീമുകൾക്കിടയിൽ കാലങ്ങളായി കടുത്ത പോരാട്ടം പ്രകടമാണ്. ഇതാണ് ആരാധകർ ഏറ്റെടുത്ത് സംഘർഷത്തിലെത്തിയത്. നിലവിൽ ഡച്ച് ലീഗിൽ ഫെയനൂർദ് എട്ടു പോയിന്റ് ലീഡുമായി ഏറെ മുമ്പിലാണ്.

Leave a Reply

Your email address will not be published. Required fields are marked *