ഈസ്റ്റ് ബംഗാളിന് ഐ.എസ്.എൽ കിരീടം; കാത്തിരിപ്പിന്റെ പതിറ്റാണ്ടുകൾക്കൊടുവിൽ ചരിത്രം

കൊൽക്കത്ത: ദേശീയ തലത്തിലെ ടോപ് ടയർ കിരീടത്തിനായി ഈസ്റ്റ് ബംഗാൾ ഫുട്ബാൾ ടീം കാത്തിരുന്നത് 22 വർഷം. ഒടുവിൽ, ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളെന്ന തലയെടുപ്പോടെ റെഡ് ആൻഡ് ഗോൾഡ് ചരിത്രം കുറിച്ചു. ഇക്കുറി പ്ലേ ഓഫ്-നോക്കൗട്ട് മത്സരങ്ങളില്ലാത്ത ഐ.എസ്.എൽ, ലീഗ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്നവർക്ക് കിരീടം നൽകാനാണ് തീരുമാനിച്ചത്.
ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും 26 പോയന്റാണെങ്കിലും മികച്ച ഗോൾ വ്യത്യാസമാണ് കിരീടം നിർണയിച്ചത്. 13ാമത്തെയും അവസാനത്തെയും റൗണ്ട് കളിയിൽ ഇന്റർ കാശിയെ 2-1ന് തോൽപിച്ചാണ് ഈസ്റ്റ് ബംഗാൾ ഇതാദ്യമായി ചാമ്പ്യൻപട്ടമണിഞ്ഞത്. യൂസഫ് എസ്സെജാരിയും റാഷിദുമാണ് ഈസ്റ്റ് ബംഗാളിനായി ഗോള്‍ നേടിയത്. ആൽഫ്രഡ് പ്ലാനസാണ് ഇന്റർ കാശിയുടെ ആശ്വാസ ഗോൾ നേടിയത്. മോഹൻ ബഗാൻ (26) രണ്ടും മുംബൈ സിറ്റി (25) മൂന്നും സ്ഥാനങ്ങളിലെത്തി. കേരള ബ്ലാസ്റ്റേഴ്സ് (17) എട്ടാമതാണ്. 22 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ദേശിയ ലീഗില്‍ കിരീടം നേടുന്നത്. ഈസ്റ്റ് ബംഗാളിനെ കൂടാതെ മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്.സി, ജംഷഡ്പൂർ എഫ്.സി എന്നി ടീമുകള്‍ക്കും കിരീടം നേടാനുള്ള സാധ്യതയുണ്ടായിരുന്നു.
അതിനാല്‍ നാലു മത്സരങ്ങളും ഒരേ സമയമാണ് നടത്തിയത്. എന്നാല്‍ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ജയിച്ചതോടെ കിരീടം കൊല്‍ക്കത്തയിലേക്ക് എത്തി. വ്യാഴാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ മോഹൻ ബഗാൻ 2-1ന് എസ്.സി ഡൽഹിയെയും മുംബൈ സിറ്റി 2-0ത്തിന് പഞ്ചാബ് എഫ്.സിയെയും തോൽപിച്ചപ്പോൾ ജാംഷഡ്പുർ എഫ്.സിയും ഒഡിഷ എഫ്.സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
ഇന്റർ കാശിക്കെതിരെ ഒരു ഗോളിന് പിറകിൽനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിക്കുകയായിരുന്നു ഈസ്റ്റ് ബംഗാൾ. ഗോൾ വ്യത്യാസത്തിൽ പിറകിലായതാണ് ബഗാന്റെ കിരീട മോഹങ്ങൾ തകർത്തത്. 2003-04ൽ ദേശീയ ലീഗ് ചാമ്പ്യന്മാരായതാണ് ഈസ്റ്റ് ബംഗാൾ. പിന്നീട് ഐ.എസ്.എല്ലിലെത്തിയെങ്കിലും കിരീടം നേടാനായില്ല. ഇടക്ക് ഫെഡറേഷൻ കപ്പിലും സൂപ്പർ കപ്പിലും ചാമ്പ്യന്മാരായിട്ടുണ്ട്.
ISL പോയന്റ് നില
ടീം, മത്സരം, പോയന്റ് ക്രമത്തിൽ
ഈസ്റ്റ് ബംഗാൾ 13 26
മോഹൻ ബഗാൻ 13 26
മുംബൈ സിറ്റി 13 25
ബംഗളൂരു 13 23
പഞ്ചാബ് 13 22
ജാംഷഡ്പുർ 13 22
ഗോവ 13 20
ബ്ലാസ്റ്റേഴ്സ് 13 17
നോർത്ത് ഈസ്റ്റ് 13 16
ഇന്റർ കാശി 13 13
ഡൽഹി 13 11
ഒഡിഷ 13 11
ചെന്നൈയിൻ 13 9
മുഹമ്മദൻസ് 13 3
