ഈജിപ്തിന് ചരിത്രം തിരുത്താനായില്ല, 1.58 ബില്യന്‍ ജനങ്ങള്‍ക്കിനി മൊറോക്കോ മാത്രം

ഒരു ലോക കപ്പില്‍ രണ്ടു ടീമുകള്‍ ക്വാര്‍ട്ടറിലെത്തി ചരിത്രം കുറിക്കാനുള്ള ആഫ്രിക്കന്‍ വന്‍കരയുടെ ആഗ്രഹം ഇത്തവണയും സഫലമായില്ല. നിലവിലെ ജേതാക്കളായ അര്‍ജന്റീനയോട് ഈജിപ്ത് പൊരുതി കീഴടങ്ങിയതോടെയാണ് പ്രതീക്ഷ പൊലിഞ്ഞത്. 1986ലെ ജേതാക്കളായ അര്‍ജന്റീനയെ 1990ല്‍ അട്ടിമറിച്ച് കാമറൂണും 1998ലെ ചാംപ്യന്മാരായ ഫ്രാന്‍സിനെ 2002ല്‍ തോല്‍പിച്ച് സെനഗലും 2010ല്‍ ഘാനയും 2022ല്‍ മൊറോക്കോയും അവസാന എട്ടിലെത്തിയിട്ടുണ്ട്. ഒരു ലോകകപ്പില്‍ ഒരുമിച്ച് രണ്ട് ആഫ്രിക്കന്‍ ടീമുകള്‍ ഇതു വരെ ക്വാര്‍ട്ടര്‍ കടന്നിട്ടില്ല. എങ്കിലും ചരിത്രത്തിലാദ്യമായി 10 ആഫ്രിക്കന്‍ ടീമുകള്‍ പങ്കെടുത്ത ഇത്തവണ തുനീഷ്യ ഒഴികെ 9 ടീമുകളും റൗണ്ട് 32 ലെത്തി കരുത്തുറ്റ മുന്നേറ്റമാണ് നടത്തിയത്.

നിലവിലെ സെമിഫൈനലിസ്റ്റായ മൊറോക്കോയും ഈജിപ്തും പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചുവെങ്കിലും പിരമിഡുകാര്‍ വീണു. മികച്ച പ്രകടനം നടത്തി വരുന്ന മൊറോക്കൊയാണ് ഇനി കാഫ്(കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ കണ്‍ട്രീസ്) ന്റെ അവസാന പ്രതീക്ഷ. 2014ല്‍ അല്‍ജീരിയയും നൈജീരിയയും ഒരുമിച്ച് പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ മൊറോക്കോയുടെ സെമി ഫൈനലാണ് നിലവില്‍ ആഫ്രിക്കയുടെ മികച്ച നേട്ടം. ആദ്യമായി പ്രീക്വാര്‍ട്ടറില്‍ കടന്നതും അറ്റ്‌ലസ് തന്നെ(1986).

ഈജിപ്ത് ആണ് ആദ്യമായി(1934)ലോകകപ്പ് കളിച്ച ആഫ്രിക്കന്‍ ടീം. മൊറോക്കയാണ് രണ്ടാമത്തെ രാജ്യം(1970). കാമറൂണ്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിച്ചു. എട്ടുതവണ. മൊറോക്കോയും ടൂണീഷ്യയും ഏഴ് തവണ പങ്കെടുത്തിട്ടുണ്ട്.

ഐവറി കോസ്റ്റ്, കോംഗോ റിപ്പബ്ലിക്, അല്‍ജീരിയ, കാപ് വെര്‍ടെ, ഈജിപ്ത്, ഘാന, മൊറോക്കോ, സെനഗല്‍, ദ.ആഫ്രിക്ക, തുനീഷ്യ ടീമുകളാണ് ആഫ്രിക്കന്‍ 2026ലെ പ്രതിനിധികള്‍. ടൂണീഷ്യ മാത്രം നിരാശപ്പെടുത്തി. ഗോള്‍ വേട്ടക്കാരിലും ആഫ്രിക്കക്ക് മികച്ച മുന്നേറ്റമുണ്ട്. നാലു ഗോളുകള്‍ നേടിയ സെനഗല്‍ താരം ഇസ്മായീല്‍ സെര്‍, മൂന്നു ഗോളുകള്‍ വീതം നേടിയ കോംഗോയുടെ യോനേ വിസ്സ, മൊറോക്കന്‍ താരം ഇസ്മായില്‍ സെയ്ബാരിയും മുഹമ്മദ് സലാഹും വന്‍കരയുടെ വേട്ടക്കാരായി. നാല് അസിസ്റ്റുകള്‍ നല്‍കിയ മൊറോക്കയുടെ റിയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ ഇബ്രാഹിം ഡയസ് മൂന്നാം സ്ഥാനത്തുണ്ട്. ഇത്തവണ കോംഗോ ഗോള്‍കീപ്പര്‍ ലയണല്‍ എംപാസിയും കാബൊ വെര്‍ദേ കീപ്പര്‍ വോസീഞ്ഞോയും മൊറോക്കോ കീപ്പര്‍ യാസീന്‍ ബോനുവും ആഫ്രിക്കന്‍ കരുത്ത് ലോകത്തെ കാണിച്ചു. സാദിയോ മാനേ, അഷ്‌റഫ് ഹക്കീമി, നുസൈര്‍ മസ്‌റൂയ്, അസദിന്‍ ഓനോഹി, പി.എസ്.ജി താരം ഇബ്രാഹിം എംബായ്(സെനഗല്‍) താരങ്ങളും ശ്രദ്ദേയങ്ങളായി. പങ്കെടുത്ത ടീമുകളില്‍ കാബോ വെര്‍ദേ മാത്രമാണ് തുടക്കക്കാര്‍. കോംഗോ റിപ്പബ്ലിക് 1974 ല്‍ സെയര്‍ ന്റെ ഭാഗമായി ലോകകപ്പ് കളിച്ചിട്ടുണ്ട്.

ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ നേരിടുന്ന മൊറോക്കോ കഴിഞ്ഞ ലോകകപ്പ് സെമിയിലെ കണക്കു തീര്‍ക്കുമോയെന്നാണ് ലോകം ഉറ്റു നോക്കുന്നത്. ജര്‍മനി, പോര്‍ച്ചുഗല്‍, ബെല്‍ജിയം, നെതര്‍ലന്റ്‌സ് ടീമുകളെ പിന്നിലാക്കി ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്താണ് മൊറോക്കോ.