സൗദിയിൽ ആദ്യ ലീഗ് കിരീടം, മതിമറന്ന് ആഘോഷിച്ച് ക്രിസ്റ്റ്യാനോ! അൽ നസ്ർ പ്രോ ലീഗ് ചാമ്പ്യന്മാർ

റിയാദ്: സൗദി മണ്ണിൽ ഒരു കിരീടത്തിനായുള്ള പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോയുടെ കാത്തിരിപ്പിന് അവസാനം, അൽ നസ്ർ സൗദി പ്രോ ലീഗ് ചാമ്പ്യന്മാർ. ലീഗിലെ അവസാന റൗണ്ട് മത്സരത്തിൽ ദമാക്കിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ഏഴു വർഷത്തെ ഇടവേളക്കുശേഷം റിയാദ് ക്ലബ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്. ക്രിസ്റ്റ്യാനോ 2023 ജനുവരിയിൽ ക്ലബിലെത്തിയശേഷമുള്ള ക്ലബിന്‍റെ ആദ്യ ലീഗ് കിരീടം.
ക്രിസ്റ്റ്യാനോ ഇരട്ട ഗോളുമായി തിളങ്ങി. 62, 80 മിനിറ്റുകളിലായിരുന്നു ഗോളുകൾ. സാദിയോ മനെ (33), കിങ്സ്ലി കോമാൻ (51) എന്നിവരും വലകുലുക്കി. 57ാം മിനിറ്റിൽ പെനാൽറ്റിയിൽനിന്നാണ് മോർലായെ സില്ല ദമാകിന്‍റെ ആശ്വാസ ഗോൾ നേടിയത്. 34 മത്സരങ്ങളിൽനിന്ന് 86 പോയന്‍റുമായാണ് നസ്ർ ചാമ്പ്യന്മാരായത്. 34 പോയന്‍റുമായി അൽ ഹിലാലും 81 പോയന്‍റുമായി അൽ അഹ്ലിയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. ലീഗ് ചരിത്രത്തിൽ അൽ നസ്റിന്‍റെ 11ാം കിരീട വിജയമാണിത്. ഫുട്ബാൾ ലോകത്തെ ഞെട്ടിച്ചാണ് മൂന്നു വർഷങ്ങൾക്കു മുമ്പ് ക്രിസ്റ്റ്യാനോ സൗദിയിലേക്ക് കൂടുമാറുന്നത്. പിന്നാലെ സൂപ്പർതാരങ്ങളായ കരീം ബെൻസേമ, എൻഗോളോ കാന്റെ, റിയാദ് മഹ്‌റെസ്, സാദിയോ മനെ, നെയ്മർ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം സൗദി ലീഗിലെത്തി.
മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മാഡ്രിഡ്, ഇറ്റലിയിൽ യുവന്റസ് എന്നിവർക്കൊപ്പമുള്ള വിജയങ്ങൾക്ക് ശേഷം സി.ആർ7ന്‍റെ എട്ടാമത്തെ ലീഗ് ചാമ്പ്യൻഷിപ്പ് വിജയമാണിത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ അൽ ഹിലാലിനോട് ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങിയതോടെയാണ് അൽ നസ്റിന്‍റെ കിരീടപോര് അവസാന മത്സരത്തിലേക്ക് നീണ്ടത്. 2023ൽ അൽ നസ്റിനൊപ്പം ക്രിസ്റ്റ്യാനോ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് നേടിയിരുന്നെങ്കിലും അത് ഫിഫ അംഗീകരിച്ച ഔദ്യോഗിക ടൂർണമെന്റല്ല.
കിങ് സൗദ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സാദിയോ മനെയിലൂടെയാണ് നസ്ർ ലീഡെടുത്തത്. ഇടവേളയ്ക്ക് ശേഷം കിങ്സ്ലി കോമാനും ടീമിനായി ഗോൾ നേടി. ഇതിനിടെ ദമാക് ഒരു ഗോൾ മടക്കി. പിന്നാലെ ഇരട്ട ഗോളുകളുമായി റൊണാൾഡോ ടീമിന്‍റെ വിജയവും കിരീടവും ഉറപ്പിച്ചു. ക്രിസ്റ്റ്യാനോയുടെ വിജയാഘോഷവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സീസണിൽ ക്രിസ്റ്റ്യാനോയുടെ ലീഗ് ഗോളുകളുടെ എണ്ണം 28 ആയി. അടുത്തിടെയാണ് സൗദി പ്രോ ലീഗിൽ 100 ഗോകുളെന്ന നേട്ടം ക്രിസ്റ്റ്യാനോ കൈവരിച്ചത്. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 129 ഗോളുകളാണ് താരം നേടിയത്. മത്സരം അവസാന മിനിറ്റുകളിൽ താരത്തെ പിൻവലിച്ചപ്പോൾ സ്റ്റേഡിയം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് യാത്രയാക്കിയത്. കിരീട വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ ക്രിസ്റ്റ്യാനോക്ക് ഇനി ലോകകപ്പ് സ്ക്വാഡിനൊപ്പം ചേരാം. ആറാം ലോകകപ്പ് കളിക്കുന്ന ക്രിസ്റ്റ്യാനോയാണ് ലോകകപ്പിൽ പോർചുഗലിനെ നയിക്കുന്നത്.
ക്രിസ്റ്റ്യാനോക്കൊപ്പം യൂറോപ്യൻ മുൻനിര ലീഗുകളിലെ സൂപ്പർ താരങ്ങളും സ്ക്വാഡിലുണ്ട്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, വിറ്റിന, റൂബൻ നെവസ്, ഗോൺസാലോ റാമോസ് ഉൾപ്പെടെയുള്ള താരങ്ങളെല്ലാം പരിശീലകൻ റൊബർട്ടോ മാർട്ടിനസിന്‍റെ സ്ക്വാഡിലുണ്ട്.
യൂറോ കപ്പും യുവേഫ നാഷൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ടെങ്കിലും പോർചുഗലിന് ഇതുവരെ ലോകകിരീടം നേടാനായിട്ടില്ല. ടൂർണമെന്റിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ പോർചുഗൽ ചിലിയെയും നൈജീരിയയെയും നേരിടും. ജൂൺ 17ന് ഡി.ആർ കോംഗോക്കെതിരെയാണ് പോർചുഗലിന്റെ ലോകകപ്പ് പോരാട്ടങ്ങൾ ആരംഭിക്കുന്നത്. ജൂൺ 23, 27 തീയതികളിൽ യഥാക്രമം ഉസ്ബെക്കിസ്ഥാനെയും കൊളംബിയയെയും നേരിടും.
