ക്രിസ്റ്റ്യാനോ റൊണാൾഡോ; അവസാന നൃത്തത്തിനായി കൺപാർത്ത്…

1997-98 എൻ.ബി.എ സീസൺ. വിഖ്യാതമായ ഷികാഗോ ബുൾസ് ടീമിൽ പടലപ്പിണക്കങ്ങൾ രൂക്ഷമായ സമയം. ഇത് തന്റെയും ടീമിന്റെയും ഒരുമിച്ചുള്ള അവസാന സീസൺ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച കോച്ച് ഫിൽ ജാക്‌സൺ കളിക്കാർക്ക് നൽകിയ ഔദ്യോഗിക ടീം ഹാൻഡ് ബുക്കിന് നൽകിയ പേര് ‘ദ ലാസ്റ്റ് ഡാൻസ്’ എന്നായിരുന്നു. മൈക്കൽ ജോർദാൻ, സ്കോട്ടി പിപ്പൻ, ഡെന്നിസ് റോഡ്മാൻ എന്നീ ‘ബിഗ് ത്രീ’ യും മാനേജ്‌മെന്റും തമ്മിലുള്ള ഭിന്നതകൾ കാരണം സീസണിന് ശേഷം ടീം പൂർണമായും ഉടച്ചുവാർക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. അതിനാൽ, എല്ലാവരും ഒന്നിച്ച് കളിക്കുന്ന അവസാന സീസൺ പരമാവധി ആസ്വദിച്ച് കിരീടത്തോടെ അവസാനിപ്പിക്കുകയായിരുന്നു കോച്ചിന്റെ ലക്ഷ്യം. ആ സീസണിൽ മൈക്കൽ ജോർദാന്റെ നേതൃത്വത്തിൽ ഷികാഗോ ബുൾസ് തങ്ങളുടെ ആറാമത്തെ എൻ.ബി.എ ചാമ്പ്യൻഷിപ് കിരീടം നേടി. മൈക്കൽ ജോർദാൻ ബാസ്‌ക്കറ്റ്‌ബാളിൽ നിന്ന് വിരമിക്കുകയും ആ സുവർണ ടീം പിരിയുകയും ചെയ്തു. പിന്നീട് 2020ൽ ഈ ചരിത്രപ്രസിദ്ധമായ സീസണിനെ ആസ്പദമാക്കി പുറത്തിറങ്ങിയ നെറ്റ് ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെയാണ് ‘ദ ലാസ്റ്റ് ഡാൻസ്’ എന്ന പ്രയോഗം ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കിടയിൽ പ്രശസ്തമായത്.

ക്രിസ്റ്റ്യാനോക്കൊരു കപ്പ്

ആധുനിക ഫുട്ബാളിലെ എണ്ണംപറഞ്ഞ മൂന്നു സ്ട്രൈക്കർമാർ (ലയണൽ മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ) അവസാന നൃത്തത്തിനൊരുങ്ങുന്ന ലോകകപ്പു കൂടിയാണിത്. വിശ്വകപ്പ് എന്നമോഹം 2002ൽ മെസ്സി പൂർത്തീകരിച്ചപ്പോൾ, ഇക്കുറി നെയ്മറിനോ ക്രിസ്റ്റ്യാനോക്കോ കിരീടത്തിൽ ചുംബിക്കാനാവണമെന്ന് എതിർ ആരാധകർപോലും കൊതിക്കുന്നുണ്ട്. അത് ആ കളിയഴകിനോടുള്ള മതിപ്പാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വയസ്സ് 41.

തന്റെ ആറാമത്തെ ലോകകപ്പിനിറങ്ങുന്ന റൊണാൾഡോയുടെ ഗോളടി വീര്യം ഒട്ടും ചോർന്നിട്ടില്ല. ഇതിഹാസ താരത്തിന്റെ കരുത്തിൽ ഇക്കുറി പോർചുഗൽ എത്തുമ്പോൾ കരുത്തിന്റെ യുവനിരയാണ് കൂട്ട്. യൂറോപ്പിലെ വമ്പൻ ക്ലബുകളെ നിയന്ത്രിക്കുന്ന ലോകോത്തര യുവനിരയാണ് പോർചുഗലിന്റേത്; മാഞ്ചസ്റ്റർ സിറ്റിയുടെ കളിമെനയുന്ന ബെർണാഡോ സിൽവ, പ്രതിരോധം കാക്കുന്ന റൂബൻ ഡയസ്, മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ നട്ടെല്ലായ ബ്രൂണോ ഫെർണാണ്ടസ്, എ.സി മിലാന്റെ വേഗമേറിയ വിങ്ങർ റാഫേൽ ലിയാവോ, പി.എസ്.ജി.യുടെ വിറ്റീന്യ….എന്നിങ്ങനെയാണ് താരനിര. ബെൽജിയത്തിന്റെ സുവർണ തലമുറയെ പരിശീലിപ്പിച്ച ഫെർണാണ്ടോ സാന്റോസ് ആണ് നിലവിലെ കോച്ച്.

പോർചുഗലിനൊപ്പം കൊളംബിയ, കോംഗോ, ഉസ്‌ബെകിസ്താൻ എന്നിവരടങ്ങുന്നതാണ് ഗ്രൂപ് കെ. ഏഷ്യയിൽനിന്നുള്ള നവാഗതരാണ് ഉസ്ബകിസ്താൻ. മധ്യേഷ്യയിൽനിന്ന് ലോകകപ്പ് കളിക്കുന്ന ആദ്യ രാജ്യം.

നീണ്ട 52 വർഷങ്ങൾക്ക് ശേഷമാണ് കോംഗോ വീണ്ടും ലോകകപ്പിനെത്തുന്നത്. ഏറ്റവും മികച്ച പ്രതിരോധ നിരയുള്ള ആഫ്രിക്കൻ ടീമുകളിലൊന്നാണ് കോംഗോ. മധ്യനിരയിൽ ഇന്ത്യൻ വംശജൻ സാമുവൽ മുത്തുസ്വാമിയാണ് പരിചയസമ്പന്ന താരം. ഗ്രൂപ്പിലെ വമ്പന്മാരായ പോർചുഗലിനും കൊളംബിയക്കും കാര്യമായ എതിരാളി കോംഗോയായിരിക്കും.

2024 കോപ അമേരിക്കയിൽ റണ്ണേഴ്‌സ് അപ്പുകളായതു മുതൽ തോൽവിയറിയാതെ മികച്ച ഫോമിലാണ് കൊളംബിയ ലോകകപ്പിനെത്തുന്നത്. ഗ്രൂപ് ജേതാക്കളാവാൻ പോർചുഗലും കൊളംബിയയും തമ്മിലായിരിക്കും പ്രധാന പോരാട്ടം.